നേരിന്റെ രാഷ്ട്രീയത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നു: എ കെ അബ്ദുല്‍ മജീദ്ജിദ്ദ: നേരിന്റെ പക്ഷത്തു നിന്ന് എസ്ഡിപിഐ നടത്തുന്ന ക്രിയാത്മക സമരങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും കോര്‍പറേറ്റ് അനുകൂലികളായ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പാടോടെയാണ് കാണുന്നതെന്ന് പാര്‍ട്ടി മലപ്പുറം ജില്ലാ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ബഹുജന്‍ രാഷ്ട്രീയത്തെ തകര്‍ക്കാനാവില്ല എന്ന പ്രമേയത്തില്‍ ജിദ്ദ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി നടത്തിവന്ന കാംപയിന്‍ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐ ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളും ജനകീയ പ്രതിരോധവും സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അലോസരമുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടിയെ തകര്‍ക്കുന്നതിന് കുല്‍സിത നീക്കങ്ങള്‍ അവര്‍ തുടര്‍ന്നുപോരുന്നത്. കള്ളക്കേസുകള്‍ ചുമത്തിയും ഭയപ്പെടുത്തിയും കീഴ്‌പ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്. ഗെയില്‍ പൈപ്പ്‌ലൈന്‍, ദേശീയപാത വികസനം തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ജനകീയ സമരങ്ങളെ കോര്‍പറേറ്റുകള്‍ക്കു വേണ്ടി അടിച്ചൊതുക്കുകയായിരുന്നു ഭരണകൂടം. ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കേവലം കൊടിവീശി കൂടെനില്‍ക്കുന്നവരായി ഇരട്ടവേഷം കെട്ടിയാടുകയായിരുന്നു. തലശ്ശേരിയില്‍ ഫസലിനെ കൊലപ്പെടുത്തി രക്തം തൂവാലയില്‍ മുക്കി ആര്‍എസ്എസ് കാര്യാലയത്തിന് സമീപം കൊണ്ടിട്ടും ടി പി വധത്തിലെ പ്രതികള്‍ സഞ്ചരിച്ച കാറില്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ പതിച്ചും വര്‍ഗീയ കലാപത്തിന് ഗൂഢനീക്കം നടത്തിയ സിപിഎം ഇപ്പോള്‍ വര്‍ഗീയത തുലയട്ടെ എന്ന പേരില്‍ നടത്തുന്ന കാംപയിന്‍ അഭിസാരികയുടെ ചാരിത്ര്യപ്രസംഗം പോലെ പരിഹാസ്യമാണ്. ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മതേതര ചേരിയെയും വേര്‍തിരിച്ച് കാണണം. ആര്‍എസ്എസിനെ മുഖ്യശത്രുവായി പ്രഖ്യാപിക്കാന്‍ മുസ്‌ലിം ലീഗിന് ഇനിയും സാധിച്ചിട്ടില്ല. രാജ്യത്തെ മതേതര ചേരിയെ ശക്തിപ്പെടുത്താനാണ് എസ്ഡിപിഐ ശ്രമിക്കുന്നത്. നിലവില്‍ 19 സംസ്ഥാനങ്ങളില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുവരുന്ന പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഇക്കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പ് വരെയുള്ള ഫലങ്ങള്‍ തെളിയിക്കുന്നു. അധികാര പങ്കാളിത്തം ജനതയുടെ അവകാശമാണെന്നും ഇതിനായി അനവരതം പാര്‍ട്ടി പൊരുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭയമില്ലാത്ത ജനത ജനാധിപത്യത്തിന് അനിവാര്യമാണെന്നും നിതാന്ത ജാഗ്രത ജനാധിപത്യത്തിന്റെ ജീവവായു ആണെന്നും എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ഡോ. സി എച്ച് അഷ്‌റഫ് ചൂണ്ടിക്കാട്ടി. പ്രവാസികള്‍ രാഷ്ട്രീയ ജാഗ്രത പുലര്‍ത്തുന്നവരാണ് എന്നത് ആശാവഹാമണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഫോറം സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ ഉദ്ഘാടനം ചെയ്തു. കേരള സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് സിറാജ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ പ്രസിഡന്റ് ഫയിസുദ്ദീന്‍ ചെന്നൈ, സോഷ്യല്‍ ഫോറം കര്‍ണാടക സ്‌റ്റേറ്റ് പ്രസിഡന്റ് മുഹമ്മദലി മംഗലാപുരം, തമിഴ്‌നാട് സ്‌റ്റേറ്റ് പ്രസിഡന്റ് അമാന്‍, നോര്‍ത്ത്ഈസ്റ്റ് സ്‌റ്റേറ്റ്‌സ് വൈസ് പ്രസിഡന്റ് സല്‍മാന്‍ അഹ്മദ് സിദ്ദീഖി ലക്‌നോ, സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, വൈസ് പ്രസിഡന്റ് ഷാഹുല്‍ ചേലക്കര തുടങ്ങിയവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top