ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയെ പിരിച്ചുവിട്ടത് ചട്ടങ്ങള്‍ പാലിക്കാതെയെന്ന് പ്രതിനിധികള്‍

ജിദ്ദ: ഓഗസ്റ്റ് 7ന് അകാരണമായി പിരിച്ചു വിടപ്പെട്ട മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധികള്‍ ഒരു വിശദീകരണ യോഗം വിളിച്ചു ചേര്‍ത്ത് രക്ഷിതാക്കളുടെ പ്രതിനിധികളോടും വിവിധ സംഘടനാ നേതാക്കളോടും ഇന്ത്യന്‍ സ്‌കൂളിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിച്ചു കാരണം കാണിക്കല്‍ നോട്ടീസോ മുന്നറിയിപ്പോ ഇല്ലാതെ ഒരു ദിവസം കമ്മിറ്റി പിരിച്ചു വിടുകയായിരുന്നു എന്ന് ചെയര്‍മാന്‍ അഡ്വ: ഷംസുദ്ദീന്‍ പറഞ്ഞു. എംബസ്സിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം കമ്മിറ്റി പിരിച്ചു വിട്ടത്. മന്ത്രാലയത്തിന്റെ പിരിച്ചു വിടല്‍ നോട്ടീസില്‍ കാരണമൊന്നും കാണിച്ചിട്ടില്ല. പ്രിന്‍സിപ്പലിന് വിരമിക്കേണ്ട പ്രായമായതിനാല്‍ ജൂലൈ 30നു വിരമിക്കണമെന്നും എംബസിക്ക് മാനേജ്‌മെന്റ് കമ്മിറ്റിയില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ട് കമ്മിറ്റി പിരിച്ചു വിടണമെന്നുമായിരുന്നു മന്ത്രാലയത്തിന്റെ നോട്ടീസ്.സ്‌കൂളിന് വേണ്ടി ഒരു പുതിയ ബില്‍ഡിങ് ഇതിന് മുന്‍പത്തെ മാനേജ്‌മെന്റ് കമ്മിറ്റി എടുത്തതുമായി ബന്ധപ്പെട്ട് ഒരു കേസ് നടന്നു കൊണ്ടിരിക്കുന്നുണ്ട്. പ്രസ്തുത ബില്‍ഡിങ് എടുത്തതിന്റെ ഉത്തരവാദിത്തം പറഞ്ഞു കൊണ്ട് പ്രിന്‍സിപ്പാള്‍ സയ്യിദ് മസൂദ് അഹമ്മദിനെ പുറത്താക്കാന്‍ ഇന്ത്യന്‍ സ്‌കൂളുകളെ നിയന്ത്രിക്കുന്ന ഹയര്‍ ബോര്‍ഡ് മാനേജ്‌മെന്റ് കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചു. ബില്‍ഡിംഗ് എടുത്തത് അന്നത്തെ മാനേജ്‌മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ആയതിനാല്‍ പ്രിന്‍സിപ്പലിനെ പുറത്താക്കുന്നതിനോട് മാനേജ് കമ്മിറ്റി വിയോജിച്ചു. പക്ഷെ ഹയര്‍ ബോര്‍ഡിന്റെ തീരുമാനം ആയതിനാല്‍ അത് അംഗീകരിക്കാന്‍ ബാധ്യസ്ഥരായി. പക്ഷെ സ്‌കൂളിന്റെ താല്പര്യം കണക്കിലെടുത്തു കൊണ്ട് വേനല്‍ അവധി ആയതിനാല്‍ അവധി കഴിഞ്ഞ് മൂന്ന് മാസം കൊണ്ട് ഒരു കൃത്യമായ അധികാര കൈമാറ്റം നടത്തിയ ശേഷം നവംബര്‍ 30 ന് അദ്ദേഹത്തെ പുറത്താക്കണമെന്ന് കമ്മിറ്റി ഹയര്‍ ബോര്‍ഡിനെ അറിയിച്ചു. മാത്രവുമല്ല പ്രസ്തുത കേസ് ഇപ്പോഴും കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. 1990 മുതലുള്ള ബോയ്‌സ് സെക്ഷന്‍ ബില്‍ഡിങ്ങിന്റെ കേസില്‍ വിധി വന്ന് 32 മില്യണ്‍ സൗദി റിയാല്‍ സ്‌കൂളിന് നഷ്ടമായിരുന്നു. ആ കേസ് അന്വേഷിക്കണമെന്ന് മാനേജ്‌മെന്റ് കമ്മിറ്റി ഹയര്‍ബോര്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഹയര്‍ ബോര്‍ഡ് കമ്മിറ്റിയെ പുറത്താക്കുകയായത്
തുടര്‍ന്ന് സംസാരിച്ച മുന്‍ ചെയര്‍മാന്‍ ഇക്ബാല്‍ പൊക്കുന്ന് മന്ത്രാലയത്തിന്റെ ചാര്‍ട്ടര്‍ പ്രകാരം ഒരു കമ്മിറ്റിയെ പിരിച്ചു വിടണമെങ്കില്‍ ഒരു എന്‍ക്വയറി കമ്മിറ്റി രൂപീകരിക്കണമെന്നും ആ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കണം തുടര്‍ന്നുള്ള നടപടികളെന്നും വകുപ്പുകളുണ്ടെന്നും അവയൊന്നും പാലിച്ചിട്ടില്ലെന്നും സ്‌കൂള്‍ അവധിയായ ഒരു ദിവസം രക്ഷിതാക്കളില്‍ ഭൂരിഭാഗവും നാട്ടില്‍ പോയ സമയത്ത് പിരിച്ചു വിടുകയാണ് ഉണ്ടായതെന്നും അറിയിച്ചു. ഇത് മാനേജ്‌മെന്റ് കമ്മിറ്റിയുടെ മാത്രമല്ല അവരെ തെരഞ്ഞെടുത്ത രക്ഷിതാക്കളുടെ അവകാശത്തെ ഹനിക്കുന്ന നടപടിയായിപ്പോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഇതിന് മുന്‍പും ഇത് പോലെ കമ്മിറ്റികളെ പിരിച്ചു വിടുന്ന അവസ്ഥകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത്തരം ഒരു അവസ്ഥ ഇനി ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ഒറ്റക്കെട്ടായി അധികൃതരെ സമീപിക്കണമെന്നും അഭിപ്രായെപ്പട്ടു.സ്‌കൂള്‍ സംബന്ധിയായ കാര്യങ്ങളില്‍ രക്ഷിതാക്കളുടെ റോള്‍ കൃത്യമായും മനസ്സിലാക്കേണ്ടതുണ്ട്, അത് പാലിക്കേണ്ടതുമുണ്ട്. 30 വര്‍ഷത്തിലധികം സ്‌കൂളിനെ സേവിച്ച പ്രിന്‍സിപ്പല്‍ സയ്യിദ് മസൂദ് അഹമ്മദിനെ ഇത്തരത്തില്‍ പുറത്താക്കിയത് ശരിയായ നടപടിയല്ല എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈ കാര്യങ്ങള്‍ക്കെതിരെ സൗദിയിലും ഇന്ത്യയിലുമുള്ള അധികൃതരെ ബന്ധപ്പെടുമെന്നും എം പി മാരെയും മന്ത്രിമാരെയും കണ്ട് ഈ വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുമെന്നും ആവശ്യമെങ്കില്‍ പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ എം പി മാരോട് അഭ്യര്‍ത്ഥിക്കുമെന്നും യോഗം അഭിപ്രായെപ്പട്ടു. യോഗത്തില്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം മാജിദ് സിദ്ദിഖി, മുന്‍ ചെയര്‍മാന്‍ സലാഹ് കാരാടന്‍, മുന്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ ഖാലിഖ്, ഡോ: അഷ്ഫാക് മണിയാര്‍, അലുംനി പ്രതിനിധി അസീം സീഷാന്‍, രക്ഷിതാക്കളുടെ പ്രതിനിധികളായ മുഹമ്മദ് ബൈജു, അബ്ദുല്‍ അസീസ് തങ്കയത്തില്‍, ഡോ: മുഹമ്മദ് ഫൈസല്‍, സജീര്‍, ആത്തിഫ് ഖാന്‍, അബ്ദുല്‍ ഫത്താഹ്, സാബിര്‍, അബ്ദുല്‍ റഷീദ്, വിവിധ സംഘടനാ ഭാരവാഹികളായ കെ ടി എ മുനീര്‍, വി കെ റൗഫ്, അഹമ്മദ് പാളയാട്ട്, പി പി റഹീം, യൂസുഫലി മുഹമ്മദ്, റിഷാദ് അലവി, റോഷന്‍ മുസ്തഫ, അല്‍താഫ് ഹുസ്സൈന്‍, അബൂബക്കര്‍ അരിന്പ്ര, തുടങ്ങിയവര്‍ സംബന്ധിച്ചു

RELATED STORIES

Share it
Top