വ്യാജ പ്രചരണം: ജേക്കബ് വടക്കുഞ്ചേരി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍കൊച്ചി: എലിപ്പനിയുടെ ചികില്‍സ സംബന്ധിച്ച് വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ പ്രകൃതി ചികില്‍സകന്‍ ജേക്കബ് വടക്കുഞ്ചേരിയെ കൊച്ചി ക്രൈംബ്രാഞ്ച് പോലിസ് കസ്റ്റഡിയിലെടുത്തു. ചമ്പക്കരയുള്ള ജേക്കബിന്റെ ഓഫീസിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്‌.    എലിപ്പനി പ്രതിരോധ ഗുളികകള്‍ക്കെതിരേ വ്യാജ പ്രചരണം നടത്തുന്ന ജേക്കബ് വടക്കുഞ്ചേരിക്കെതിരേ ആരോഗ്യമന്ത്രി കെ കെ ശൈലജ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വടക്കുഞ്ചേരിയെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.

എലിപ്പനി പ്രതിരോധ മരുന്ന് ആരും കഴിക്കരുതെന്നും അത് അപകടകരമാണെന്നുമായിരുന്നു വടക്കുഞ്ചേരിയുടെ പ്രചരണം. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് ജേക്കബ് വടക്കുഞ്ചേരി രംഗത്ത് വന്നത്. ക്യാംപുകളില്‍ കഴിയുന്നവര്‍ക്കും വീട്ടിലേക്ക് മടങ്ങിയവര്‍ക്കും എലിപ്പനി പ്രതിരോധ മരുന്ന് നല്‍കുന്ന പ്രവര്‍ത്തനം ആരോഗ്യവകുപ്പ് ഊര്‍ജിതമായി നടത്തിവരുന്നതിനിടെയായിരുന്നു പ്രചരണം.

സംസ്ഥാനത്ത് ഇതുവരെ 196 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒന്‍പത് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി രോഗലക്ഷണങ്ങളോടെ 34 പേര്‍ മരിച്ചു. മൂന്നാഴ്ച അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. താലൂക്ക് ആശുപത്രികളേയും ചികിത്സാ സജ്ജമാക്കാന്‍ തീരുമാനിച്ചു. മരുന്നില്ലെന്ന് പറഞ്ഞ് ആരെയും തിരിച്ചയക്കരുതെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.  എലിപ്പനി ബാധ തടയാന്‍ സര്‍ക്കാര്‍ ഊര്‍ജിത ശ്രമം നടത്തുന്നതിനിടെയാണ് ഇതിനെതിരായ പ്രചരണവുമായി ജേക്കബ് വടഞ്ചേരി രംഗത്ത് വന്നത്.

ആരോഗ്യവകുപ്പും സര്‍ക്കാരും ചേര്‍ന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഡോക്ടര്‍മാര്‍ക്ക് ഇരകളെ നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. മരുന്ന് വ്യവസായത്തെ സഹായിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും വടക്കുഞ്ചേരി ആരോപിച്ചിരുന്നു. പ്രതിരോധ കുത്തിവയ്പ്പ് അന്താരാഷ്ട്ര ഗൂഡാലോചനയാണ് എന്ന രീതിയില്‍ തുടര്‍ച്ചയായി പ്രചരണം നടത്തിവരുന്നയാളാണ് നിരവധി പ്രകൃതി ചികില്‍സാ കേന്ദ്രങ്ങള്‍ നടത്തുന്ന ജേക്കബ് വടക്കുഞ്ചേരി. നിപ്പ രോഗകാലത്തും ഭീതി പരത്തുന്ന വ്യാജ പ്രചാരണങ്ങളുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top