കരുണാകരനെ ചതിച്ചത് റാവുവെന്ന് കെ മുരളീധരന്‍, അഞ്ച് നേതാക്കളെന്ന് പത്മജ


തിരുവനന്തപുരം: ചാരക്കേസില്‍ കെ കരുണാകരനെ ചതിച്ചത് മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവു ആണെന്ന് മകനും കോണ്‍ഗ്രസ്സ് നേതാവുമായ കെ മുരളീധരന്‍. അച്ഛന്‍ കടുത്ത മാനസിക പീഡിനം അനുഭവിച്ചു. റാവുവാണ് രാജിക്ക് സമ്മര്‍ദം ചെലുത്തിയത്. നീതി കിട്ടാതെ മരിച്ചത് അച്ഛന്‍ മാത്രമാണ്. ചാരക്കേസിലെ വിധിയിലൂടെ കെ കരുണാകരന്റെ നിരപരാധിത്വം തെളിഞ്ഞെന്നും കെ മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, കരുണാകരനെ ചതിച്ചത് 5 നേതാക്കളാണെന്ന് മകള്‍ പത്മജ വേണുഗോപാല്‍ പറഞ്ഞു. നേതാക്കള്‍ക്കുള്ള തിരിച്ചടിയാണ് സുപ്രിം കോടതി വിധി. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷട്രീയത്തിന്റെ സൃഷ്ടിയാണ് ചാര കേസ്. കരുണാകരനെതിരെയുള്ള ചട്ടുകമായി ഉദ്യോഗസ്ഥര്‍ മാറി. കരുണാകരനെ കുടുക്കാന്‍ നമ്പിയെ കരുവാക്കി. തന്റെ അഛന് നീതി കിട്ടണം. ഗൂഢാലോചന പുറത്തു വരണം. ഇതിനായി ജുഡിഷ്യല്‍ കമീഷന്റെ മുന്നില്‍ എല്ലാം തുറന്നു പറയും. രാഷട്രീയമായി കരുണാകരനെ തകര്‍ത്തെറിയുകയായിരുന്നു കേസിന്റെ ലക്ഷ്യം.ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം. കരുണാകരനെ ചതിച്ച നേതാക്കള്‍ ഉന്നത സ്ഥാനങ്ങളില്‍ തുടരുന്നു. ആരൊക്കെയാണ് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കൊച്ചു കുട്ടിക്കും അറിയാമെന്നും പത്മജ പറഞ്ഞു.

RELATED STORIES

Share it
Top