Flash News

ഇശ്‌റത് ജഹാന്‍ കേസ്: വന്‍സാരയുടെ ഹരജിയില്‍ വിധി ജൂലൈ 17ന്

ഇശ്‌റത് ജഹാന്‍ കേസ്: വന്‍സാരയുടെ ഹരജിയില്‍ വിധി ജൂലൈ 17ന്
X

അഹ്മദാബാദ്: 2004ലെ ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റവിമുക്തനാക്കണമെന്ന മുന്‍ ഐപിഎസ് ഓഫിസര്‍ ഡിജി വന്‍സാരയുടെ ഹരജിയില്‍ പ്രത്യേക സിബിഐ കോടതി വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി. ഗുജറാത്ത് പോലിസും ഇന്റലിജന്‍സ് ബ്യൂറോയും നടപ്പാക്കിയ ഏറ്റുമുട്ടലിന്റെ പൂര്‍ണമായ ഗൂഡാലോചന നടത്തിയത് ഇപ്പോള്‍ ജാമ്യത്തിലുള്ള വന്‍സാരയാണെന്നാണ് ആരോപണം. ഹരജിയില്‍ അടുത്ത മാസം 17ന് കോടതി വിധി പറയും.

സഹപ്രതി എന്‍ കെ അമീന്റെ വിടുതല്‍ ഹരജിയിലും അതേ ദിവസം കോടതി വിധി പറയുമെന്നാണു പ്രതീക്ഷിക്കുന്നത്.

സിബിഐക്ക് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ സി കൊഡേക്കര്‍ വന്‍സാരയുടെ ഹരജിയെ എതിര്‍ത്തു. ആവശ്യത്തിന് തെളിവില്ലാതെ പ്രതിയുടെ മേല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റം ചുമത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്നുള്ളതിന് നിരവധി സാക്ഷി മൊഴികള്‍ കൊഡേക്കര്‍ ചൂണ്ടിക്കാട്ടി.

അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെയാണ് സിബിഐ തന്നെ പ്രതി ചേര്‍ത്തതിലൂടെ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിട്ടതെന്ന് വന്‍സാര ഹരജിയില്‍ അവകാശപ്പെട്ടു. മോദിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഇത് സിബിഐ നിഷേധിച്ചു.

അന്നത്തെ മേലുദ്യോഗസ്ഥനായ റിട്ടയേഡ് ഡിജിപി പി പി പാണ്ഡെയെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് വന്‍സാരയും അമിനും കോടതിയെ സമീപിച്ചത്.

പാണ്ഡെ, വന്‍സാര, ജി എല്‍ സിംഗാള്‍ ഐപിഎസ്, റിട്ടയേഡ് എസ്പി എന്‍ കെ അമിന്‍, റിട്ടയേഡ് ഡിവൈഎസ്പി തരുണ്‍ ബാഹോട്ട് ഉള്‍പ്പെടെ ഏഴ് പോലിസ് ഉദ്യോഗസ്ഥര്‍ക്കും മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രജീന്ദര്‍ കുമാര്‍ ഉള്‍പ്പെടെ നാല് ഐബി ഉദ്യോഗസ്ഥര്‍ക്കും എതിരേയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it