ചൈനയ്‌ക്കെതിരേ വിജയ സമനില നേടി ഇന്ത്യ


സൂഷോ: ചൈനയ്‌ക്കെതിരായ ചരിത്ര ഫുട്‌ബോള്‍ മല്‍സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടില്ല, എന്നാല്‍ നേടിയതോ വിജയത്തിനോളം പോന്ന സമനില. ലോക 76ാം സ്ഥാനക്കാരായ ചൈനയോട് പൊരുതിയ ഇന്ത്യ അവരെ ഗോള്‍ രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു. സന്ദേശ് ജിങ്കന്‍ നയിച്ച ഇന്ത്യയുടെ കരുത്തുറ്റ പ്രതിരോധം ചൈനയുടെ തുടര്‍ച്ചയായ ആക്രമണങ്ങളെ പരാജയപ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ ഗോളി ഗുര്‍പ്രീത് സിങിന്റെ അസാമാന്യ സേവുകളാണ് ഇന്ത്യയെ കളിയിലുടനീളം രക്ഷിച്ചത്.
മലയാളി താരം അനസ് എടത്തൊടികയുടെ ആദ്യ പകുതിയിലെ അസാന്നിധ്യം മാറ്റി നിര്‍ത്തിയാല്‍ ശക്തമായ ആദ്യ ഇലവനെയാണ് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ചൈനക്കെതിരെ കളത്തില്‍ ഇറക്കിയത്.മുംബൈ സിറ്റി ഡിഫന്‍ഡര്‍ സുബാഷീഷ് ബോസ് പിന്‍നിരയില്‍ ക്യാപ്റ്റന്‍ സന്ദേഷ് ജിങ്കനൊപ്പം അണിനിരന്നപ്പോള്‍ മിഡ്ഫീല്‍ഡില്‍ അനിരുദ്ധ് താപയും പ്രോനായ് ഹാള്‍ഡറും, മുന്‍നിരയില്‍ സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുല എന്നിവരും കളത്തിലിറങ്ങി.
കരുത്തരായ ചൈനയുടെ മികച്ച നീക്കങ്ങളോടെയാണ് മല്‍സരം ആരംഭിച്ചത്. പല തവണ പന്തുമായി ഗോള്‍മുഖത്തേക്ക് ചൈനയുടെ ലി സുപെങും വു ഷിയും ഓടിയടുത്തെങ്കിലും ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും പ്രീതം കോട്ടാലുമടങ്ങുന്ന പ്രതിരോധം നിലയുറപ്പിച്ചതോടെ ഇന്ത്യ തുടക്കത്തിലേ തന്നെ കരുതിക്കളിച്ചു. 18ാം മിനിറ്റില്‍ സുനില്‍ ഛേത്രിക്ക് നല്ലൊരവസരം ലഭിച്ചെങ്കിലും നീക്കം പിഴച്ചതോടെ ഇന്ത്യന്‍ ഗോള്‍സ്വപ്‌നം നീണ്ടു. 24ാം മിനിറ്റില്‍ ഗവോ ലിന്റെ കാലില്‍ നിന്നും ഗോളെന്നു കരുതിയ പന്തിനെ ഇന്ത്യയുടെ ഗോളി ഗുര്‍പ്രീത് സിങ് തട്ടിയകറ്റുകയായിരുന്നു. ആദ്യ പകുതിയുടെ അവസാനിക്കാറായപ്പോള്‍ ചൈനയുടെ മുന്നേറ്റങ്ങളുടെ മൂര്‍ച്ച കുറഞ്ഞുവന്നു. 44ാം മിനിറ്റില്‍ ചൈനക്ക് ലഭിച്ച ഫ്രീ കിക്കും ഗോളാക്കി മാറ്റാന്‍ അവര്‍ക്കായില്ല.
ആദ്യപകുതിയിലെ ഉറച്ച പ്രതിരോധം തന്നെയായിരുന്നു രണ്ടാം പകുതിയിലും ഇന്ത്യയുടെ ആയുധം. 50ാം മിനിറ്റില്‍ ഗവോ ലിന്‍ അപകടകാരിയായി വീണ്ടുമെത്തി. പോസ്റ്റ് ലക്ഷ്യമാക്കി നിറയെഴിച്ച പന്ത് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും ഗുര്‍പ്രീത് രക്ഷകനായി. ഫ്രീ കിക്കില്‍ വീണ്ടും ഫലം കാണാതെ പോയ ചൈനക്ക ഫിനിഷിങ്ങിലുള്ള പോരായ്മയായിരുന്നു വില്ലനായത്. മല്‍സരത്തിലെ 63ാം മിനിറ്റില്‍ നാരായണ്‍ ദാസിനെ കയറ്റി മലയാളി താരം അനസ് എടത്തൊടികയെ ഇറക്കിയതോടെ ഇന്ത്യന്‍ പ്രതിരോധം കൂടുതല്‍ കരുത്താര്‍ജിച്ചു.
പ്രതിരോധത്തില്‍ തിളങ്ങിയെങ്കെിലും സുനില്‍ ഛേത്രിയും ജെജെ ലാല്‍ പെഖുലയും ഉള്‍പ്പെട്ട ഇന്ത്യന്‍ മുന്നേറ്റ നിര ഗോള്‍ കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചു.അവസാന മിനിറ്റിലും എക്‌സ്ട്രാ സമയത്തിലുമായി ഇന്ത്യ മൂന്ന് പകരക്കാരെ ഇറക്കിയെങ്കിലും ഗോള്‍ അകന്നു നില്‍ക്കുകയായിരുന്നു.

RELATED STORIES

Share it
Top