യൂത്ത് ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് ഇരട്ടവെള്ളി


ബ്യൂണസ് ഐറിസ്: യൂത്ത് ഒളിംപിക്‌സില്‍ ആദ്യമായി ഹോക്കിയില്‍ ഇറങ്ങിയ ഇന്ത്യന്‍ പുരുഷ-വനിതാ ടീമിന് വെളളിയോടെ മടക്കം. ഇരു ടീമും ഫൈനലിലെത്തി സ്വര്‍ണപ്രതീക്ഷ നല്‍കിയെങ്കിലും പരാജയപ്പെടാനായിരുന്നു വിധി. ഫൈനലില്‍ പുരുഷ ടീം 4-2ന് മലേസ്യയോട് പരാജയപ്പെട്ടപ്പോള്‍ വനിതാ ടീം ആതിഥേയരാ അര്‍ജന്റീനയോടാണ് (3-1) കീഴടങ്ങിയത്. പുരുഷന്‍മാരില്‍ അര്‍ജന്റീനയും വനിതകളില്‍ ചൈനയും വെങ്കലം നേടി.
വനിതാ ഫൈനലില്‍ 49 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുംതാസ് ഖാനിലൂടെ ഗോള്‍ നേടി അര്‍ജന്റീനയെ ഞെട്ടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും തുടര്‍ന്ന് അര്‍ജന്റീനന്‍ താരങ്ങളായ ജിയനെല്ല പാലെറ്റും (ഏഴാം മിനിറ്റ്) സോഫിയ രാമല്ലോയും (ഒമ്പതാം മിനിറ്റ്) ലക്ഷ്യം കണ്ടതോടെ ആദ്യ പകുതിയില്‍ ഇന്ത്യ 2-1ന് പിന്നില്‍. രണ്ടാം പകുതിയില്‍ ബ്രിസ ബ്രുഗെസ്സെര്‍ കൂടി ഇന്ത്യന്‍ വല കുലുക്കിയതോടെ ഇന്ത്യന്‍ വനിതകള്‍ക്ക് ഹോക്കിയില്‍ ചരിത്ര വെള്ളിയായി.
പുരുഷ ഫൈനലില്‍ ആദ്യം ലീഡ് നേടിയ ശേഷമാണ് ഇന്ത്യന്‍ ടീം പരാജയം നേരിട്ടത്. വിവേക് സാഗര്‍ 2, 5 മിനിറ്റുകളില്‍ ഗോള്‍ നേടിയപ്പോള്‍ ആദ്യ പകുതി (10 മിനിറ്റ്) അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു.
രണ്ടാം പകുതിയുടെ 13ാം മിനിറ്റില്‍ ഹക്കീമുള്ളയിലൂടെ മലേസ്യ സമനില ഗോള്‍ നേടി. 17ാം മിനിറ്റില്‍ ഇഷാക് ആരിഫ് മലേസ്യക്ക് ലീഡ് നേടിക്കൊടുക്കുകയും തൊട്ടടുത്ത മിനിറ്റില്‍ ഹക്കീമുള്ള രണ്ടാം ഗോളും നേടിയതോടെ ഇന്ത്യക്ക് വീണ്ടും വെള്ളിമെഡല്‍. ഇതോടെ 10 മെഡലുകളുള്ള ഇന്ത്യ മെഡല്‍ വേട്ടയില്‍ റെക്കോഡ് നേട്ടം കൈവരിച്ചു. 2010ല്‍ നേടിയ എട്ട് മെഡല്‍നേട്ടമാണ് ഇന്ത്യ മറികടന്നത്.

RELATED STORIES

Share it
Top