മഴ കനക്കുന്നു; കൂടുതല്‍ അണക്കെട്ടുകള്‍ തുറന്നു തുടങ്ങി, ചെറുതോണി തല്‍ക്കാലം തുറക്കുന്നില്ലതിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി. കൂടുതല്‍ മഴയ്്ക്കും ചുഴലിക്കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡാമുകള്‍ പലതും തുറന്നു തുടങ്ങി.

ഇടുക്കി ചെറുതോണി ഡാം തുറക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തീരുമാനം പിന്നീട് റദ്ദാക്കി.രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2387.76 അടിയായിരുന്നത് 2387.72 അടിയായി താഴ്ന്നതാടെ അണക്കെട്ടു തുറക്കാനുള്ള തീരുമാനം തല്‍ക്കാലത്തേക്കു മാറ്റുകയായിരുന്നു. വൈകിട്ട് നാലു മുതല്‍ ചെറുതോണി ഡാമിലെ ഒരു ഷട്ടര്‍ തുറന്ന് 50 ക്യുമക്‌സ് ജലം പെരിയാര്‍ നദിയിലേക്ക് ഒഴുക്കി വിടും എന്നാണ് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നത്.

തൃശൂര്‍ ചിമ്മിനി ഡാം, തെന്മല പരപ്പാര്‍ ഡാം എന്നിവ തുറന്നു. ചിമ്മിനി ഡാമിലെ ഷട്ടര്‍ 25 സെന്റീമീറ്ററായാണ് ഉയര്‍ത്തിയത്. ആലപ്പുഴ തോട്ടപ്പിള്ളി സ്പില്‍വേയുലെ 21 ഷട്ടറുകളും തുറന്നു. ബാക്കി ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും. ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ തോട്ടപ്പള്ളി പൊഴി കൂടുതല്‍ വീതി കൂട്ടുകയാണ്.

വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ നാലുമണിക്ക് 10 സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. പീച്ചി ഡാമിന്റെ നാല് ഷട്ടര്‍ വൈകീട്ട് നാലിന് 10 ഇഞ്ച് തുറക്കുമെന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പീച്ചി ഡാമിന്റെ ഷട്ടര്‍ രാവിലെ 8 മണിക്ക് ആറ് ഇഞ്ചും ഉച്ചയ്ക്ക് ഒരുമണിക്ക് എട്ട് ഇഞ്ചുമാണ് തുറന്നത്.

പത്തനംതിട്ടയില്‍ കക്കി ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകള്‍ ഉച്ചയ്ക്ക് തുറക്കും. ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലെ പുനരുദ്ധാരണ പ്രവര്‍ത്തനം നിര്‍ത്തി വച്ചു.

കക്കയം ഡാം രണ്ടുമണിക്ക് തുറക്കുന്നതിനാല്‍ അധികൃതര്‍ കരുതല്‍ നടപടിയെടുക്കുകയാണ്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും. പുഴയില്‍ ജല നിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇടതുകര, വലതുകര കനാലുകളുടെയും മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഏഴാം തിയ്യതി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top