മഴ കനക്കുന്നു; ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു


ഇടുക്കി: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന പ്രവചനത്തെ തുടര്‍ന്ന് ഇടുക്കി ഡാം തുറന്നു. ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് സെക്കന്റില്‍ 50 ഘട അടി വെള്ളമാണ് ഒഴുക്കിവിടുന്നത്. രാവിലെ 11 മണിക്കാണ് ഷട്ടര്‍ തുറന്നത്. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. മധ്യത്തിലെ ഷട്ടറാണ് തുറന്നത്.

നിലവില്‍ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴയില്ലെങ്കിലും മഴശക്തമാകുന്നതിന് മുമ്പ് അണക്കെട്ട് തുറന്നാല്‍ ജലനിരപ്പ് നിയന്ത്രിക്കാമെന്നാണ് കണക്ക് കൂട്ടല്‍. അടുത്ത ദിവസങ്ങളിലെല്ലാം ഇടുക്കിയില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്നലെ നാല് മണിക്ക് ഷട്ടര്‍ തുറക്കാനായിരുന്നു കെഎസ്ഇബിയുടെ ആദ്യ തീരുമാനം. എന്നാല്‍ പകല്‍ മഴ മാറി നിന്നതോടെ തീരുമാനം മരവിപ്പിച്ചു.

തിരുവനന്തപുരത്ത് ചേര്‍ന്ന കെഎസ്ഇബി ബോര്‍ഡ് യോഗത്തിലാണ് വീണ്ടും ഡാം തുറക്കാന്‍ തീരുമാനമായത്. കഴിഞ്ഞ തവണ ഡാം തുറക്കാന്‍ വൈകിയതിനാല്‍ ബോര്‍ഡ് ഏറെ പഴി കേട്ടിരുന്നു. അത് ഒഴിവാക്കാന്‍ കൂടിയാണ് മഴ ശക്തമാവും മുമ്പേ ഡാം തുറന്നുവിട്ടത്. ഷട്ടര്‍ എത്ര സമയം തുറക്കണമെന്നോ ജലനിരപ്പ് എത്ര അടിയിലേക്ക് എത്തിക്കണമെന്നോ തീരുമാനിച്ചിട്ടില്ല.

ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശമായി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലും മലപ്പുറത്തും നാളെ റെഡ് അലര്‍ട്ടായിരിക്കും. അറബിക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറിയേക്കും. ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. മഴയുടെ പശ്ചാത്തലത്തില്‍ മാട്ടുപ്പെട്ടി, പൊന്‍മുടി, മലങ്കര അണക്കെട്ടുകളില്‍ നിന്നുള്ള ജലമൊഴുക്ക് കൂട്ടി. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ക്കുള്ള നിരോധനം തുടരുകയാണ്. മലയോര മേഖലയിലെ രാത്രിയാത്രയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top