ശബരിമലയോട് കളിച്ച കേരളം മുങ്ങി; ഗണപതിയോട് കളിച്ചാല്‍ തമിഴ്‌നാടും നശിക്കുംകോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ വിനായക ചതുര്‍ഥി ആഘോഷത്തോടനുബന്ധിച്ച് വിഷം തുപ്പുന്ന പ്രസംഗവുമായി ഹിന്ദു മുന്നണി. കേരളത്തില്‍ പ്രളയം വന്നത് ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തതു കൊണ്ടാണെന്നും ഗണേഷ വിഗ്രഹ നിമജ്ജനത്തിന് നിയന്ത്രണം വയ്ക്കാന്‍ ശ്രമിച്ചാല്‍ തമിഴ്‌നാടും നശിക്കുമെന്നുമായിരുന്നു ഹിന്ദു മുന്നണിയുടെ പ്രസംഗം.

കോയമ്പത്തൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള കനുവൈപാളയം പിരിവില്‍ ഈ മാസം 15ന് നടന്ന പരിപാടിയിലായിരുന്നു വിവിധ മതവിഭാഗങ്ങള്‍ക്കെതിരേ വിഷം തുപ്പുന്ന പ്രസംഗം. എല്ലാ വര്‍ഷവും രണ്ട് ദിവസത്തെ വിനാക ചതുര്‍ഥി ഉല്‍സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് സമീപ ഗ്രാമങ്ങളില്‍ നിന്നും കാരമഡൈ, മേട്ടുപ്പാളയം നഗരങ്ങളില്‍നിന്നുമുള്ള ഗണേശ വിഗ്രഹങ്ങള്‍ ഭവാനി പുഴയില്‍ ഒഴുക്കുന്നതിന് ഇതുവഴിയാണ് കൊണ്ടുപോവുക.

ഇത്തവണ തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദു മുന്നണിക്കായിരുന്നു പരിപാടിയുടെ പൂര്‍ണ നിയന്ത്രണം. വൈകുന്നേരം നാല് മണിയോടെയാണ് പൊതുയോഗം ആരംഭിച്ചത്. ഡ്രൈവര്‍മാര്‍, ഷോപ്പ് കീപ്പര്‍മാര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

തമിഴ്‌നാട് സര്‍ക്കാര്‍ അടുത്ത കാലത്തായി വിനായക ചതുര്‍ഥി ഉല്‍സവത്തിന് തടസ്സം സൃഷ്ടിക്കാന്‍ ശ്രമിക്കുയാണെന്ന് പരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ ആരോപിച്ചു. നിങ്ങള്‍ ഞങ്ങളുടെ പിള്ളയാര്‍ അണ്ണയോട്(ഗണേഷന്‍) കളിക്കുകയാണോ? അയല്‍ സംസ്ഥാനത്ത് അവര്‍ അയ്യപ്പനെ തൊടാന്‍ ശ്രമിച്ചു. ഞങ്ങള്‍ സ്ത്രീകളെ ശബരിമല ക്ഷേത്രത്തിലേക്ക് അയക്കുമെന്ന് കമ്യൂണിസ്റ്റുകള്‍ പറഞ്ഞു. പിന്നീടെന്ത് സംഭവിച്ചു?

കേരളം വെള്ളത്തില്‍ മുങ്ങി. സര്‍ക്കാരും ഇപ്പോള്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇവിടെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി സര്‍ക്കാര്‍ ഞങ്ങളുടെ ആഘോഷത്തിന് നിരവധി ഉപാധികള്‍ വച്ചിരിക്കുകയാണ്. (പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്നതും ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും തടയുന്നതിന് സര്‍ക്കാര്‍ നിരവധി ഉപാധികള്‍ വച്ചിരുന്നു). പക്ഷേ ഞങ്ങള്‍ തമിഴ്‌നാട് സര്‍ക്കാരിനെ ഓര്‍മിപ്പിക്കുകയാണ്- നിങ്ങള്‍ പിള്ളയാറിന്റെ മേല്‍ കൈവച്ചാല്‍ നിങ്ങള്‍ പോലുമറിയാതെ അവന്‍ നിങ്ങളെ താഴെ വീഴ്ത്തും. അതുകൊണ്ട് അവനോട് കളിക്കരുത്- ഹിന്ദു മുന്നണി മുന്നറിയിപ്പ് നല്‍കി.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെ മുസ്്‌ലിംകള്‍ ബക്രീദ് ആഘോഷിച്ചു. ഗോമാതാവിനെ അവര്‍ റോഡില്‍ പരസ്യമായി അറുത്തു കൊന്നു. അവരോട് എന്തെങ്കിലും നിബന്ധന വച്ചിരുന്നോ എന്നും പ്രസംഗകന്‍ ചോദിച്ചു.

ഹിന്ദുക്കള്‍ ഐക്യപ്പെട്ടില്ലെങ്കില്‍ ഭാരതം അധികം വൈകാതെ പാകിസ്താനായി മാറുമെന്നും പരിപാടിയില്‍ ഹിന്ദുമുന്നണി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. വിവിധ മതവിഭാഗങ്ങള്‍ക്കെതിരേ രൂക്ഷമായ ആരോപണമുന്നയിച്ച പ്രസംഗം തമിഴ്‌നാട്ടിലെ എല്ലാ പാര്‍ട്ടികളും ഹിന്ദുവിരുദ്ധരാണെന്ന് ആരോപിക്കുകയും ചെയ്തു. നിരവധി പോലിസ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കേയായിരുന്നു പ്രസംഗം.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top