Flash News

റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണോയെന്ന് ഹൈക്കോടതി

റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണോയെന്ന് ഹൈക്കോടതി
X


വിഐപികള്‍ക്കു വേണ്ടി മാത്രം റോഡ് നന്നാക്കുന്ന സ്ഥിതി മാറണം

കൊച്ചി: റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണോയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ഹൈക്കോടതി ജഡ്ജിമാര്‍ നല്‍കിയ കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി സ്വീകരിച്ചായിരുന്നു കോടതിയുടെ പരാമര്‍ശം. എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് ഹൈക്കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്.
റോഡുകളുടെ ശോച്യാവസ്ഥ പരഹരിക്കുന്നതിന് ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. ഇതിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിഐപി വന്നാലേ റോഡ് നന്നാക്കൂ എന്ന സ്ഥിതി മാറണം. ടാറിങ് വൈകുന്നതിന് കാരണം മഴയാണെന്ന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാനാവില്ല. ഭൂകമ്പം അല്ലല്ലോ വന്നതെന്ന് കോടതി ചോദിച്ചു. ദീര്‍ഘവീക്ഷണമില്ലാതെയാണ് സംസ്ഥാനത്ത് റോഡുകള്‍ പണിയുന്നത്. റോഡില്‍ ജീവനുകള്‍ നഷ്ടമാകരുത്. റോഡുകള്‍ നന്നാക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കാനും സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
Next Story

RELATED STORIES

Share it