ജഡ്ജിയുടെ കുടുംബത്തെ വെടിവച്ച് കൊന്ന പ്രതി മണിക്കൂറുകള്‍ ഇന്റര്‍നെറ്റില്‍ ചെലവിട്ടിരുന്നതായി പോലിസ്

ഗുരുഗ്രാം: ഗുരുഗ്രാം അഡീഷനല്‍ സെഷന്‍സ് ജഡ്ജിയുടെ ഭാര്യയെയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് (32) ദിനേനെ നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നതായി പോലിസ്. കഴിഞ്ഞ ഒന്നര മാസമായി പ്രതി അസ്വസ്ഥനായിരുന്നെന്നും തന്റെ മോശം പെരുമാറ്റത്തില്‍ രണ്ടുതവണ പ്രതി ജഡ്ജിയോട് ക്ഷമാപണം നടത്തിയെന്നും പോലിസ് വ്യക്തമാക്കി.


അഡീഷനല്‍ സെഷന്‍സ് ജഡ്ജി കൃഷ്ണകാന്ദിന്റെ ഭാര്യ റിതുഖിനെയും (38) മകന്‍ ദ്രുവിനെയും (18) നേരെ ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് തിരക്കേറിയ ഗുരുഗ്രാം മാര്‍ക്കറ്റില്‍വച്ച് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടന്ന് രണ്ടു മണിക്കൂറിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വെടിവയ്ക്കാനുള്ള കാരണം കണ്ടെത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലിസ് കസ്റ്റഡിയില്‍ വിട്ടു. എന്തിനാണ് കൃത്യം നടത്തിയതെന്ന് മനസ്സിലാക്കുവാന്‍ സിങിന്റെ പഴയകാല ജീവിതവും ബന്ധങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സുമിത് കുഹര്‍ പറഞ്ഞു. സിങ് സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നെന്നും ഫേസ്ബുക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് ഇഷ്ടപ്പെട്ടിരുന്നെന്നും ജുഹര്‍ വ്യക്തമാക്കി. പ്രതിക്ക് രണ്ട് ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2007ലാണ് മഹിപാല്‍ ഹരിയാന പോലിസില്‍ ചേരുന്നത്. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം. രണ്ട് പെണ്‍കുട്ടികളുടെ ജനനത്തെ ചൊല്ലി ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉള്ളതായി ചില ബന്ധുക്കള്‍ അവകാശപ്പെട്ടിരുന്നെന്ന് ഡിസിപി പറഞ്ഞു. ജഡ്ജിയുടെ പെണ്‍മക്കളെ സ്ഥിരമായി പുറത്തുകൊണ്ടുപോയിരുന്നത് സിങായിരുന്നു. പതിവായി ഇവരോടൊപ്പം വീഡിയോകള്‍ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമായിരുന്നെന്നും ഡിസിപി പറഞ്ഞു.

RELATED STORIES

Share it
Top