10.880കിലോ സ്വര്‍ണ ബിസ്‌ക്കറ്റുമായി ബസ് യാത്രക്കാരന്‍ പിടിയില്‍പാലക്കാട്: ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് കര്‍ണാടക ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ വോള്‍വോ ബസില്‍ കടത്തുകയായിരുന്ന 10.880കിലോ സ്വര്‍ണ ബിസ്‌കറ്റുമായി രാജസ്ഥാന്‍ സ്വദേശിയെ എക്‌സൈസ് പിടികൂടി. രാജസ്ഥാന്‍ നഗൗര്‍നാവ സ്വദേശി മഹീന്ദ്രകുമാറിനെ(24)യാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഒരുകിലോയുടെ മൂന്നു ബിസ്‌കറ്റും ബാക്കി 78 ചെറിയ ബിസ്‌കറ്റുകളുമായി ആകെ 10.880 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് നാലുകോടിവിലവരും. ബാഗില്‍ തുണികള്‍ക്കിടയിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത സ്വര്‍ണ ബിസ്‌കറ്റുകള്‍ വിദേശത്തുനിന്നെത്തിച്ചതാണെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് മണ്ണാര്‍ക്കാട് റെയ്ഞ്ച് പാര്‍ട്ടി വാളയാര്‍ ടാസ്‌ക് ഡ്യൂട്ടിയുടെ ഭാഗമായി ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ടോള്‍ പ്ലാസ പരിസരത്തുനടത്തിയ വാഹനപരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. പിടിയിലായ മഹീന്ദ്രകുമാര്‍ ഏജന്റുമാത്രമാണെന്നും മാസ ശമ്പള അടിസ്ഥാനത്തിലാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണവും പ്രതിയെയും ജിഎസ്ടി വകുപ്പിന് കൈമാറി. കസ്റ്റംസിനെയും വിവരമറിയിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

RELATED STORIES

Share it
Top