ഐഎസ്എല്ലില്‍ ഗോള്‍മഴ തുടര്‍ന്ന് ഗോവ


മഡ്ഗാവ്: ഐഎസ്എല്ലില്‍ എഫ് സി ഗോവയുടെ ഗോള്‍മഴ വര്‍ഷിക്കല്‍ തുടരുന്നു. ഇന്നലെ പൂനെയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് ഗോവ തകര്‍ത്തു വിട്ടത്. ഇരട്ട ഗോള്‍ നേടി കോറോ വീണ്ടും തിളങ്ങിയപ്പോള്‍ ഹ്യൂഗോ ബൗമൗസ്, ജാക്കിചന്ദ് സിങ് എന്നിവരും ഇന്നലെ ഗോവയ്ക്കായി ലക്ഷ്യം കണ്ടു. മാര്‍സലീഞ്ഞോയും എമിലിയാനോ അല്‍ഫാരോയുമാണ് പൂനെക്ക് വേണ്ടി ഗോള്‍ നേടിയത്. ആദ്യ 30 മിനിറ്റില്‍ തന്നെ അഞ്ച് ഗോളുകള്‍ പിറന്ന മല്‍സരത്തിലെ ആദ്യ ഗോള്‍ കണ്ടെത്തിയത് ഗോവയായിരുന്നു. അഞ്ചാം മിനിറ്റില്‍ ബോക്‌സിന്റെ മധ്യത്തില്‍ നിന്നായിരുന്നു ഗോവയ്ക്കായി കോറോ ഷോട്ടുതിര്‍ത്തത്. ഉടനെത്തന്നെമൂന്ന് മിനിറ്റുകള്‍ക്കകം പൂനെ മാര്‍സലീഞ്ഞോയിലൂടെ മറുപടി ഗോള്‍ മടക്കി.12ാം മിനിറ്റില്‍ ബൗമൗസിന്റെ ഹെഡറിലൂടെ ഗോവ ലീഡ് രണ്ടാക്കി.
അല്‍പ സമയത്തിന് ശേഷം ജാക്കിചന്ദ് സിങും (20') ഗോവക്ക് വേണ്ടി ഗോള്‍ കണ്ടെത്തി. സമയം പാഴാക്കാതെ പൂനെയും തിരിച്ചടിച്ചു. അല്‍ഫാരോയുടെ ഷോട്ട്് വലയുടെ മധ്യത്തിലേക്ക് കുതിച്ച് ഗോളായി. 32 ാം മിനിറ്റില്‍ ജാക്കിചന്ദിന്റെ ഗോള്‍ശ്രമം പാഴായെങ്കിലും 34ാം മിനിറ്റില്‍ ഫെറാന്‍ കൊറോമിനാസ് ഗോവയുടെ നാലാം ഗോളും വലയിലേക്ക് പായിച്ചു.പോയിന്റ് പട്ടികയില്‍ ഗോവ ഒന്നാമതും പൂനെ അവസാനവും ആണ്.
മല്‍സരത്തിലെ 86ാം മിനിറ്റില്‍ പൂനെയുടെ ഡീഗോയും 90ാം മിനിറ്റില്‍ ഗോവയുടെ കോറോയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മല്‍സരത്തിന്റെ മാറ്റ് കുറച്ചു.

RELATED STORIES

Share it
Top