നാഷന്‍സ് ലീഗില്‍ ലോക ചാംപ്യന്‍മാര്‍ തമ്മിലുള്ള മല്‍സരം ഗോള്‍രഹിത സമനിലയില്‍


മ്യൂണിക്: നിലവിലെ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തി ലോകകപ്പ് ഗ്രൂപ്പ ഘട്ടത്തില്‍ പുറത്തായതിന്റെ നാണക്കേട് മാറ്റാന്‍ ജര്‍മനിക്ക് കഴിഞ്ഞില്ല. മുന്നേറ്റ-പ്രതിരോധം ശക്തമാക്കി ഇരുടീമും കളിയാവേശത്തില്‍ ഉല്ലസിച്ചപ്പോള്‍ ആദ്യ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ഇരുടീമിലെയും ഗോളികളുടെ പ്രകടനവും ഇന്നത്തെ മല്‍സരത്തിലെ ഗോള്‍രഹിത സമനിലയില്‍ ശ്രദ്ധേയമായി. ജര്‍മന്‍ സൂപ്പര്‍ ഗോളി ഒരു വശത്ത് ജിറൗഡിന്റെയും എംബാപ്പെയുടെയും ഗോളെന്നുറച്ച ഷോട്ടുകള്‍ തട്ടിയകറ്റുമ്പോള്‍ മറുവശത്ത് അല്‍ഫോന്‍സ് അറിയോലയും തന്റെ റോള്‍ ഭംഗിയയായി നിര്‍വഹിച്ചതോടെ കളി ഗോളില്ലാസമനിലയില്‍ പിരിഞ്ഞു. ജര്‍മന്‍ താരങ്ങള്‍ ഫ്രഞ്ച് പോസ്റ്റിലേക്ക് ഏഴ് ഗോളുകള്‍ ലക്ഷ്യത്തില്‍ ഉതിര്‍ത്തെങ്കിലും ഏഴും തട്ടിയകറ്റി അരിയോല ഫ്രഞ്ച് പടയുടെ രക്ഷകനായി. അതേസമയം, പേരുകേട്ട ഫ്രഞ്ച് മുന്നേറ്റത്തിന്റെ ലക്ഷ്യത്തിലേക്കുതിര്‍ത്തുള്ള ഷോട്ടുകളെല്ലാം നിഷ്പ്രയാസം നിര്‍വീര്യമാക്കി മാനുവല്‍ ന്യൂയറും ജര്‍മനിയുടെ അഭിമാനതാരമായി. എങ്കിലും ഫ്രഞ്ച് പടയേക്കാള്‍ ജര്‍മനിയാണ് മല്‍സരത്തില്‍ ആധിപത്യം പുലര്‍ത്തിയത്. മല്‍സരത്തില്‍ 57 ശതമാനം സമയത്തും ടീം പന്ത് തങ്ങളുടെ വരുതിയിലാക്കി മികച്ചു നിന്നു.
ഇരുടീമും വ്യത്യസ്ത ശൈലിയാണ് മുന്നോട്ടുവച്ചത്. നിലവിലെ ലോകകപ്പ് ചാംപ്യന്‍മാരായ ഫ്രാന്‍സ് ജിറൗഡിനെ അറ്റാക്കിങില്‍ നിര്‍ത്തി 4-4-1-1 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ മുന്നേറ്റത്തില്‍ ഗ്രീസ്മാനും ഇടം പിടിച്ചു. പരിക്കേറ്റ ഹ്യുഗോ ലോറിസിന് പകരം അരിയോലയാണ് ഇത്തവണ ഫ്രഞ്ച് വല കാത്തത്. എംബാപ്പെ, പോഗ്ബ, എന്‍ഗോളോ കാന്റെ, മാറ്റിയൂഡി എന്നിവര്‍ മിഡ്ഫീല്‍ഡഡിലും സ്ഥാനം പിടിച്ചു.
എന്നാല്‍ നിത്യശൈലിയായ 4-3-2-1 എന്ന ഫോര്‍മാറ്റിലാണ് ജര്‍മനിയെ ജോച്ചിം ലോ കളത്തിലിറക്കിയത്. മുന്നേറ്റത്തില്‍ മാര്‍ക്കോ റിയൂസ് ഇടം പിടിച്ചപ്പോള്‍ തോമസ് മുള്ളര്‍, ഗോരറ്റ്‌സ്‌ക, തിമോ വെര്‍ണര്‍ എന്നിവരെ മധ്യനിരയില്‍ നിര്‍ത്തിയാണ് ജോച്ചിം ലോ കളി മെനഞ്ഞത്. ജോഷ്വ കിമ്മിച്ചും ടോണി ക്രൂസും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും ഇടം പിടിച്ചു. ലോകത്തിലെ ഒന്നാം നമ്പര്‍ ഗോളി മാനുവല്‍ ന്യൂയറെയാണ് ജര്‍മന്‍ മതില്‍ തകരാതിരിക്കാന്‍ കാക്കാന്‍ ഏല്‍പ്പിച്ചത്.
ആദ്യ പകുതിയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പം മുന്നേറ്റത്തില്‍ വമ്പന്‍മാരായെങ്കിലും മികച്ച പ്രതിരോധം അവിടെയും വില്ലനായി. തുടര്‍ന്ന് രണ്ടാം പകുതിയിലേക്ക മല്‍സരം നീണ്ടു.
രണ്ടാം പകുതിയില്‍ ജര്‍മന്‍ കോച്ച് ജോച്ചിം ലോയും ഫ്രഞ്ച് കോച്ച് ദിദിയര്‍ ദേഷാംപ്‌സും കളത്തില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഇരുടീമിനും വിജയഗോളിലേക്കുള്ള വഴി വീണ്ടും അടഞ്ഞു. 66ാം മിനിറ്റില്‍ ഗോരറ്റ്‌സ്‌കയെ കയറ്റി ഇല്‍കേ ഗുണ്ടകനെ ഇറക്കി ലോയാണ് മല്‍സരത്തിലെ സബ്സ്റ്റിറ്റിയൂട്ടന്‍ ആദ്യമായി കൊണ്ടുവന്നത്. നിമിഷ നേരം കൊണ്ട് ഫ്രഞ്ച് കോച്ച് ജിറൗഡിനെ പിന്‍വലിച്ച് ബാഴ്‌സ താരം ഉസ്മാനെ ഡെംബലെയെ കളത്തിലിറക്കി. 80ാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാന് പകരമായി നബില്‍ ഫെക്കിറിനും അവസരം നല്‍കി. 83ാം മിനിറ്റില്‍ മാര്‍കോ റിയൂസിനെ കയറ്റി ലോ ലിറോയ് സാനെയെയും കളത്തിലിറക്കി പരീക്ഷിച്ചെങ്കിലും അവസാന വിസില്‍ മുഴങ്ങുമ്പോഴും മല്‍സരം ഗോള്‍ രഹിതം.
സമനിലയോടെ ഇരുടീമും ഗ്രൂപ്പില്‍ ഒരു പോയിന്റ് വീതം സ്വന്തമാക്കി.

RELATED STORIES

Share it
Top