ഗാന്ധിജി ഉറങ്ങുന്നുണ്ട് ബാലികാ സദനത്തിന്റെ മുറ്റത്ത്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന ഒരിടമുണ്ട്. എരഞ്ഞിപ്പാലം നായനാര്‍ ബാലികാ സദനത്തിന്റെ മുറ്റത്ത്, പാരിജാതത്തിന്റെയും അശോകമരത്തിന്റെയും ഇടയില്‍ ഭദ്രമായി ഒരു നിധിപോലെ.ഗോപാലകൃഷ്ണ ഗോഖലെയുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു വരീക്കര രൈരു നായനാര്‍ എന്ന സാമൂഹ്യ നേതാവ്. ആ ബന്ധമാണ് അദ്ദേഹത്തെ മഹാത്മജിയിലേക്കെത്തിച്ചത്. ഗാന്ധിജിയുടെ കൂടെ പല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കെടുത്തു. വി. ആര്‍. നായനാര്‍ എന്ന മഹത്‌വ്യക്തിയുടെ ഓര്‍മ്മകളാണ് ബാലികാസദനത്തെ മുന്നോട്ട് നയിക്കുന്നത്. 1921ല്‍ മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മറ്റ് സ്ഥലങ്ങളിലേക്ക് അത് വ്യാപിക്കാതിരിക്കാനും കലാപത്തിന്റെ ഹേതു കണ്ടെത്താനും മഹാത്മാ ഗാന്ധി വി. ആര്‍. നായനാരെ പൂനെയില്‍ നിന്നും മലബാറിലേക്കയച്ചു. കലാപം അടങ്ങിയപ്പോള്‍ അനാഥരായ ബാല്യങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ അദ്ദേഹത്തിന് മലബാറില്‍ തന്നെ താമസമാക്കേണ്ടി വന്നു. മലബാറിലെത്തി ഇവിടം സന്ദര്‍ശിക്കണമെന്ന ഗാന്ധിജിയുടെ ആഗ്രഹം സഫലമാവും മുന്നേ 1945ല്‍ അദ്ദേഹം മരണപ്പെട്ടു.
ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന് ശേഷം 1948 ഫെബ്രുവരി 22ന് കേളപ്പജി കേരളത്തിലെ നദികളില്‍ ഒഴുക്കാന്‍ കൊണ്ടുവന്ന ചിതാഭസ്മത്തില്‍ നിന്നും അല്‍പം നായനാര്‍ ബാലികാ സദനത്തില്‍ സൂക്ഷിക്കാന്‍ നല്‍കി. ഉത്തരേന്ത്യയില്‍ നിന്നും പിന്നീട് കോഴിക്കോടെത്തിയ മുതിര്‍ന്ന കേന്ദ്ര നേതാക്കള്‍ പ്രട്ടോക്കോള്‍ നോക്കാതെ ഗാന്ധിയുടെ ചിതതാഭസ്മം കാണാന്‍ ഇവിടെയെത്തിയിരുന്നു. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷിക ദിനത്തില്‍ ജില്ലാതല പരിപാടികള്‍ ആരംഭിക്കുന്നതിന് ജില്ലാ ഭരണകൂടം നായനാര്‍ ബാലികാ സദനത്തെ തെരഞ്ഞെടുത്തതും ഇതിനാലാണ്.

RELATED STORIES

Share it
Top