സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഫുഡ് സേഫ്റ്റി ക്ലബ്ബുകള്‍ തുടങ്ങണമെന്ന് ബാലാവകാശ കമ്മീഷന്‍കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സര്‍ക്കാര്‍-സര്‍ക്കാരിതര വ്യത്യാസം കൂടാതെ ഫുഡ് സേഫ്റ്റി ക്ലബ്ബുകള്‍ ആരംഭിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സംസ്ഥാനത്ത് കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം വര്‍ധിക്കുന്നുവെന്നും നിരവധി മാരകരോഗങ്ങള്‍ക്കു വഴിവയ്ക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍. കൊച്ചി ആസ്ഥാനമായുള്ള മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കുട്ടികളിലെ ജങ്ക് ഫുഡ് ഉപയോഗം സംബന്ധിച്ച് നടത്തിയ പഠന റിപോര്‍ട്ടില്‍ കുട്ടികളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലുകളെ തുടര്‍ന്നാണ് നടപടി.
ജങ്ക് ഫുഡ് ഉപയോഗത്തെപ്പറ്റി കുട്ടികളിലും പൊതുസമൂഹത്തിലും നിരന്തരമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. ജങ്ക് ഫുഡ് ഉല്‍പാദന-വിതരണ കേന്ദ്രങ്ങളില്‍ സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മീഷണറുടെ കീഴിലുള്ള ജില്ലാ താലൂക്ക് ഓഫിസുകള്‍ വഴി പരിശോധന നടത്തണം. നിയമലംഘനം നടത്തുന്നവരുടെ പേരില്‍ ശിക്ഷാനടപടികള്‍ കൈക്കൊള്ളണമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ജങ്ക് ഫുഡ് ഉപയോഗം കുട്ടികളില്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജങ്ക് ഫുഡുകളുടെ ഉല്‍പാദനവും വിതരണവും സംസ്ഥാനത്ത് തടയണമെന്ന് ആവശ്യപ്പെട്ട് മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രീത് തോമസ് തുരുത്തിപ്പള്ളി സംസ്ഥാന ബാലാവകാശ കമ്മീഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

RELATED STORIES

Share it
Top