പ്രളയ ദുരിതാശ്വാസം: സംസ്ഥാന സര്‍ക്കാരിനെതിരെ സമരത്തിന് ബിജെപിന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരം ആരംഭിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഈമാസം 14ന് ബിജെപി നേതാക്കള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തും. രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട ബിജെപിയുടെ നാല് പ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. അവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സിപിഎം രാഷ്ട്രീയം കലര്‍ത്തുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ സാധനങ്ങള്‍ മോഷ്ടിക്കുന്ന സിപിഎമ്മുകാര്‍ പ്രളയാനന്തര ദുരിത നിവാരണ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിച്ചു. മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയതോടെ നാഥനില്ലാത്ത അവസ്ഥയിലാണ് കേരളം. ആദ്യഗഡുവായ പതിനായിരം രൂപ പോലും ദുരിതബാധിതര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. പുനരധിവാസം നടപ്പാക്കാനാവാതെ അമ്പതിനായിരത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സംസ്ഥാനത്ത് അജണ്ടയില്ലെന്ന പേരില്‍ കഴിഞ്ഞയാഴ്ച സംസ്ഥാന മന്ത്രിസഭായോഗം പോലും ചേര്‍ന്നിട്ടില്ലെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.
പ്രളയക്കെടുതികളെപ്പറ്റി വിശദമായ കണക്ക് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. കണക്ക് ലഭിച്ചാലുടന്‍ പരമാവധി സഹായം ഉറപ്പ് നല്‍കുമെന്ന് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങും ഇക്കാര്യം അറിയിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി സപ്തംബര്‍ 28ന് കൊച്ചിയിലെത്തുമെന്നും രാജ്‌നാഥ്‌സിങ് അറിയിച്ചതായി ശ്രീധരന്‍ പിള്ള പറഞ്ഞു. പി.കെ കൃഷ്ണദാസ്, ഒ. രാജഗോപാല്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top