മയക്കുമരുന്നു മാഫിയയുമായി ബന്ധമെന്ന് കേസ് ഗോവ മുന്‍ മന്ത്രിക്കും മകനും ക്ലീന്‍ ചിറ്റ്

പനാജി: ഗോവയില്‍ മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ആഭ്യന്തര മന്ത്രി രവി നായികിനും മകനും പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) ക്ലീന്‍ ചിറ്റ്. നായികും മകനും അടക്കം 15പേരെ കേസില്‍ നിന്നൊഴിവാക്കിയതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇവര്‍ക്കെതിരേ കേസില്‍ ഒരു തെളിവുകളുമില്ലെന്നും പോലിസ് പറയുന്നു.മയക്കുമരുന്നു കടത്തുകാരും പോലിസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തമ്മിലുള്ള കൂട്ടുകെട്ട് സംബന്ധിച്ചാണ് പ്രത്യേക സംഘം അന്വേഷണം നടത്തിയത്. അന്വേഷണ ശേഷം സംഘം 50 പേജുള്ള റിപോര്‍ട്ട് കഴിഞ്ഞ വാരം സംസ്ഥാന സര്‍ക്കാരിന് സമര്‍പിച്ചിരുന്നു. വടക്കന്‍ ഗോവയിലെ പോണ്ടയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നായിക്. ദിഗംബര്‍ കാമത്ത് ഗോവമുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭാംഗമായിരുന്ന നായികിന്റെ മകനും ചില പോലിസുകാര്‍ക്കും മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളതായി ആരോപണമുയര്‍ന്നു. 2013ലായിരുന്നു ആരോപണം പുറത്ത് വന്നത്. ഈ വര്‍ഷം ജനുവരിയിലാണ് കേസന്വേഷണത്തിനായി ഡിവൈ എസ്പി എഡ്വിന്‍ കൊലാകോയുടെ നേതൃത്വത്തില്‍ എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

RELATED STORIES

Share it
Top