ആവേശപ്പോരില്‍ കാളക്കൂറ്റന്‍മാരെ തകര്‍ത്ത് ഇംഗ്ലീഷ് പട


സെവിയ്യ: യുവേഫ നാഷന്‍സ് കപ്പില്‍ അപരാജിതരായി മുന്നേറിയിരുന്ന സ്പാനിഷ് പടയെ ആവേശപ്പോരില്‍ അവരുടെ നാട്ടില്‍ ചെന്ന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് സ്‌പെയിനിനെ പരാജയപ്പെടുത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി റഹീം സ്റ്റെര്‍ലിങ് ഇരട്ടഗോള്‍ നേടിയപ്പോള്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ഒരു ഗോളിനും അവകാശിയായി. പാക്കോ അല്‍ക്കാസറിന്റെയും സെര്‍ജിയോ റാമോസിന്റെയും ബൂട്ടുകളില്‍ നിന്നായിരുന്നു സ്‌പെയിന്റെ ഗോളുകള്‍ പിറന്നത്. ആദ്യ പകുതിയിലാണ് ഇംഗ്ലണ്ടിന്റെ മൂന്ന് ഗോളും പിറന്നത്. ജയത്തോടെ ലീഗ് എയിലെ നാലാം ഗ്രൂപ്പില്‍ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. മൂന്ന് കളികളില്‍ നിന്ന് ഒരോ വീതം ജയവും തോല്‍വിയും സമനിലയുമുള്ള ഇംഗ്ലണ്ടിന് നാല് പോയിന്റാണുള്ളത്. പരാജയപ്പെട്ടെങ്കിലും മൂന്ന് കളികളില്‍ നിന്ന് ആറ് പോയിന്റുകളുമായി സ്‌പെയിനാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഒരു പോയിന്റോടെ ക്രൊയേഷ്യ അവസാന സ്ഥാനത്താണ്.
മൈതാനത്ത് ആധികാരികമായി സ്‌പെയിനാണ് പന്ത് തട്ടിയതെങ്കിലും വിജയത്തിന്റെ തുലാസ് ഇംഗ്ലണ്ടിനൊപ്പം നില്‍ക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരേ കളിയിലെ 70 ശതമാനം സമയത്തും പന്തടക്കി വച്ച സ്‌പെയിന്‍ 27 തവണയാണ് ഗോള്‍ ശ്രമം നടത്തിയത്. എന്നാല്‍ കൂടുതല്‍ ഷോട്ടുകളും പുറത്തേക്കടിച്ചാണ് സ്‌പെയിന്‍ ഗോള്‍ അവസരങ്ങള്‍ തുലച്ചത്. ഇത് അവരുടെ പരാജയത്തിലേക്ക് നയിക്കുകയും ചെയ്തു. കൂടാതെ, പ്രീമിയര്‍ ലീഗിലെ മികച്ച ഗോളി ഡേവിഡ് ഡി ജിയയുടെ മങ്ങിയ പ്രകടനവും ഇംഗ്ലണ്ടിന് ജയത്തിലേക്കുള്ള ചവിട്ടുപടിയായി മാറി. കളിയില്‍ സ്പാനിഷ് ഗോള്‍ വല ലക്ഷ്യമായി ഇംഗ്ലണ്ട് മുന്നേറ്റനിര ഉതിര്‍ത്ത മൂന്ന് ഷോട്ടില്‍ ഒന്നു പേലും തടുക്കാന്‍ ഈ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോളിക്കായില്ല.

മല്‍സരത്തിലെ 16ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ പാസില്‍ സ്റ്റെര്‍ലിങാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് 30ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് കൂടി പേരുകേട്ട സ്പാനിഷ് പ്രതിരോധം തകര്‍ത്ത് ഗോള്‍ സ്വന്തമാക്കിയതോടെ ഇംഗ്ലണ്ട് ദീര്‍ഘനിശ്വാസം വിട്ടു. എന്നാല്‍ സ്‌പെയിനിന് അത് വന്‍ ആഘാതം സൃഷ്ടിച്ചു. നായകന്‍ ഹാരി കെയ്‌നായിരുന്നു ആ ഗോളിന് വഴിയൊരുക്കിയത്. 30ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ഇത്തവണയും ഗോളിന് വഴിയൊരുക്കിയപ്പോള്‍രണ്ടാം ഗോള്‍ നേടി സ്റ്റെര്‍ലിങ് ഇംഗ്ലണ്ടിനെ 3-0ന് മുന്നിലെത്തിച്ചു. തുടര്‍ന്നുള്ള രണ്ടാം പകുതിയില്‍ സ്‌പെയിന്‍ ഇരട്ടഗോള്‍ നേടിയങ്കിലും പ്രതിരോധത്തില്‍ ഊന്നിക്കളിച്ച ഇംഗ്ലണ്ടിനെ വിറപ്പിച്ച് മൂന്നാം ഗോള്‍ നേടാന്‍ കാളക്കൂറ്റന്‍മാര്‍ക്കായില്ല. 58ാം മിനിറ്റില്‍ പാക്കോ അല്‍ക്കാസറും ഇഞ്ചുറി ടൈമില്‍ സെര്‍ജിയോ റാമോസുമാണ് ഇംഗ്ലീഷ് വല ചലിപ്പിച്ചത്.
മറ്റൊരു മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഐസ്ലന്‍ഡിനെ 2-1ന് പരാജയപ്പെടുത്തി. ജയത്തോടെ സ്വിറ്റ്‌സര്‍ലന്‍ഡ് ഗ്രൂപ്പില്‍ ബെല്‍ജിയത്തെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ ഐസ്ലന്‍ഡ് ബി ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഹാരിസ് സെഫറോവിച്ച് (52) മൈക്കല്‍ ലാങ്(67) എന്നിവര്‍ സ്വിസ് പടയ്ക്കായി ലക്ഷ്യം കണ്ടപ്പോള്‍ 81ാം മിനിറ്റില്‍ ആല്‍ഫ്രഡ് ഫിന്‍ബൊഗാസനാണ് ഐസ്ലന്‍ഡിന്റെ ആശ്വാസഗോള്‍ നേടിയത്.

RELATED STORIES

Share it
Top