ഡിവൈഎഫ്‌ഐ നേതാവിനെതിരേ വനിതാ നേതാവിന്റെ പരാതി; പോലിസ് കേസെടുത്തു -പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ല


തൃശൂര്‍: വനിതാ നേതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവിനെതിരെ പൊലിസ് കേസെടുത്തു. എംഎല്‍എ ഹോസ്റ്റലില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്ന് പരാതിയില്‍ ഇരിങ്ങാലക്കുട ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയും സിപിഎം അംഗവുമായ ജീവന്‍ ലാലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നതെന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി അറിയിച്ചു. കഴിഞ്ഞ ജൂലൈ 11നാണ് കേസിനാസ്പദമായ സംഭവം. എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയതായിരുന്നു യുവതി. ജൂലൈ 9ന് കുടുംബസുഹൃത്ത് കൂടിയായ ജീവന്‍ ലാലിനൊപ്പമാണ് തിരുവനന്തപുരത്ത് എത്തിയത്. എംഎല്‍എ ഹോസ്റ്റലിലായിരുന്നു താമസം തയ്യാറാക്കിയിരുന്നതെന്നും തുടര്‍ന്ന് ജൂലൈ 11ന് നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പാണ് ജീവന്‍ ലാല്‍ അപമര്യാദയായി പെരുമാറിയതെന്നുമാണ് വനിതാ നേതാവ് പരാതിയില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് യുവതി പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും ആഴ്ച്ചകള്‍ പിന്നിട്ടിട്ടും യാതൊരു നടപടിയും എടുത്തില്ല. ഇതേ തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയതെന്ന് വനിതാനേതാവ് പ്രതികരിച്ചു. വിഷയം പുറത്തറിഞ്ഞാല്‍ അത് സിപിഎമ്മിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഡിവൈഎഫ്‌ഐയിലേക്ക് വനിതകള്‍ വരാതാകുമെന്നുമാണ് പാര്‍ട്ടി മറുപടി നല്‍കിയതെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം പരാതി ലഭിച്ചില്ലെന്ന് ഇരിങ്ങാലക്കുട സിപിഎം ഏരിയാ നേതൃത്വം അറിയിച്ചു.

RELATED STORIES

Share it
Top