ചിരന്തന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കെ.സച്ചിദാനന്ദനും ഖാലിദ് അല്‍ ദന്‍ഹാനിക്കും സമഗ്ര സംഭാവനാ പുരസ്‌കാരംദുബായ്: പ്രവാസലോകത്തെ സാഹിത്യ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ എക്‌സ്‌ചേഞ്ചും ചിരന്തന സാംസ്‌കാരിക വേദിയും സംയുക്തമായി ഏര്‍പ്പെടുത്തിയ യുഎഇ എക്‌സ്‌ചേഞ്ച് ചിരന്തന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സായിദ് വര്‍ഷാചരണം കൂടി പരിഗണിച്ചുകൊണ്ട് ഇപ്രാവശ്യം ഭാരതീയ സാഹിത്യ മണ്ഡലത്തിലെ സമഗ്ര സംഭാവനകള്‍ക്ക് കവി കെ. സച്ചിദാനന്ദനും അറബ് സാഹിത്യത്തില്‍ നിന്ന് ഇമറാത്തി കവി ഖാലിദ് അല്‍ ദന്‍ഹാനിയും വിശിഷ്ട വ്യക്തിത്വ പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പുരസ്‌കാരങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട 2017 ല്‍ പ്രസിദ്ധീകൃതമായ പുസ്തകങ്ങളില്‍ നിന്ന് നോവല്‍ വിഭാഗത്തില്‍ രമണി വേണുഗോപാലിന്റെ 'ആവണിയിലെ അതിഥികള്‍', ചെറുകഥയില്‍ വെള്ളിയോടന്റെ 'ആയ', കവിതയില്‍ ഷാജി ഹനീഫിന്റെ 'അദൃശ്യവര്‍ണ്ണങ്ങള്‍', ലേഖന വിഭാഗത്തില്‍ താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം എഴുതിയ 'വഴിച്ചൂട്ടുകള്‍' എന്നീ കൃതികള്‍ പുരസ്‌കാരം നേടി.

കൂടാതെ മലയാളി എഴുത്തുകാരന്റെ മികച്ച ഇംഗ്ലീഷ് കൃതിയെന്ന നിലയില്‍ ഇസ്മയില്‍ മേലടിയുടെ 'The Migrant Sand stones' ഉം ഇന്‍ഡോ യുഎഇ ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള മികച്ച കൃതിയായി കെ.എം.അബ്ബാസിന്റെ 'ഇമറാത്തിന്റെ വഴികളിലൂടെ'യും അറബ് സാഹിത്യരചയിതാവായ മലയാളിയെന്ന നിലയില്‍ കാസിം മുഹമ്മദ് ഉടുമ്പന്തലയും ജൂറിയുടെ പ്രത്യേക പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി. മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്‌കാരം സാദിഖ് കാവിലിന്റെ 'ഖുഷി' എന്ന നോവലും സ്ത്രീപക്ഷ രചനയെന്ന നിലയില്‍ പുന്നയൂര്‍ക്കുളം സൈനുദ്ദീന്റെ 'ന: സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി'യും പ്രവാസലോകത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ അനുഭവ പശ്ചാത്തലങ്ങളെ ആസ്പദമാക്കി റഫീഖ് മേമുണ്ട സമാഹരിച്ച 'പെണ്‍ പ്രവാസം' എന്ന കൃതിയും പ്രത്യേക പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടതായി അവാര്‍ഡ് പ്രഖ്യാപന വാര്‍ത്താസമ്മേളനത്തില്‍ യുഎഇ എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ.മൊയ്തീന്‍ കോയയും ചിരന്തന സാംസ്‌കാരിക വേദി പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലിയും അറിയിച്ചു. പ്രശസ്തിപത്രവും ഫലകവും പൊന്നാടയും കൂടാതെ സമഗ്രസംഭാവനാ പുരസ്‌കാരത്തിന് അര ലക്ഷം രൂപ വീതവും മികച്ച നോവല്‍, കഥ, കവിത, ലേഖന പുരസ്‌കാരങ്ങള്‍ക്ക് കാല്‍ ലക്ഷം രൂപ വീതവും പ്രത്യേക പുരസ്‌കാരങ്ങള്‍ക്ക് 15,000 രൂപ വീതവും സമ്മാനത്തുകയുണ്ട്.

ഒക്ടോബര്‍ 25 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ദുബായ് ദേരയിലെ ഫ്‌ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഇതിനു മുന്നോടിയായി 'സാഹിത്യവും പ്രതിരോധവും' എന്ന വിഷയത്തെ അധികരിച്ച് കെ.സച്ചിദാനന്ദന്റെ പ്രഭാഷണവും ഇന്ത്യന്‍ അറബ് കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും ഉണ്ടായിരിക്കും. യുഎഇ എക്‌സ്‌ചേഞ്ച് ഇവെന്റ്‌സ് & അസോസിയേറ്റ്‌സ് മാനേജര്‍ വിനോദ് നമ്പ്യാര്‍, ചിരന്തന വൈസ് പ്രസിഡണ്ട്, പുന്നക്കന്‍ ബിരാന്‍ ചിരന്തന ജനറല്‍ സെക്രട്ടറി ഫിറോസ് തമന്ന, ട്രഷറര്‍ ടി.പി.അഷ്‌റഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top