ഡോ. കഫീല്‍ ഖാന്‍ പോലിസ് കസ്റ്റഡിയില്‍; അജ്ഞാത കേന്ദ്രത്തിലെന്ന് ബന്ധുക്കള്‍ഡോ. കഫീല്‍ ഖാനെ ഉത്തര്‍ പ്രദേശ് പോലിസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. യുപി ബഹ്‌റായ് ജില്ലാ ആശുപത്രിയില്‍ തുടര്‍ച്ചയയുണ്ടായ ശിശു മരണങ്ങളെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 41 ദിവസത്തിനിടെ 75 കുരുന്നുകള്‍ മരിച്ചതിനെ തുടര്‍ന്നാണ് കഫീല്‍ ഖാന്‍ ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മറ്റു കുരുന്നുകളെ ചികില്‍സിച്ചതിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടേയാണ് അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്തത്. ബന്ധുക്കള്‍ക്കും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും കൃത്യമായ വിവരം കൈമാറാതെ കഫീല്‍ ഖാനെ പോലിസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് കുരുന്നുകളുടെ മരണത്തിനിടയാക്കിയതെന്ന് ആശുപത്രി സന്ദര്‍ശിച്ച ഡോ. കഫീല്‍ ഖാന്‍ ലൈവ് വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പോലിസ് നടപടി. പോലിസ് കസ്റ്റഡിയിലായ കഫീല്‍ ഖാനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം യുപി ഗോരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ നൂറുലധികം കുരുന്നുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് യുപി പോലിസ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തിരുന്നു. സര്‍ക്കാറിന്റെ അനാസ്ഥ മൂലമാണ് കുരുന്നുകള്‍ മരിക്കാന്‍ ഇടയായതെന്ന് കഫീല്‍ഖാന്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂര്‍ ആശുപത്രി സന്ദര്‍ശിച്ചതിന് ശേഷമാണ് കഫീല്‍ ഖാനെതിരേ പ്രതികാര നടപടികള്‍ ആരംഭിച്ചത്. മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ കഫീല്‍ ഖാനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കോടതി കുറ്റവിമുക്തനാക്കിയിട്ടും അദ്ദേഹത്തിനെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കാതെ യുപി സര്‍ക്കാര്‍ പ്രതികാര നടപടികള്‍ തുടര്‍ന്നു. ഇതിനിടെ അദ്ദേഹത്തിന്റെ സഹോദരനെ വെടിവച്ച് കൊല്ലാനും ശ്രമം നടന്നു.

RELATED STORIES

Share it
Top