വീണ്ടും രക്ഷകനായി റോണോ; യുവന്റസിന് ജയം


ഫ്രോസിനോണ്‍: കഴിഞ്ഞ സീരി എ മല്‍സരത്തിലൂടെ യുവന്റസില്‍ ഗോള്‍ അടി തുടങ്ങിയ റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്ന് വീണ്ടും ഗോള്‍ പിറന്നു. ഇത്തവണ ഫ്രോസിനോനിനെതിരേ റോണോ ഒരു ഗോള്‍ നേടിയപ്പോള്‍ യുവന്റസിന് എതിരില്ലാത്ത രണ്ട് ഗോളുകളുടെ ജയം. ഫെഡ്രിക്കോ ബെര്‍ണാഡെഷിയാണ് ഇറ്റാലിയന്‍ ചാംപ്യന്‍മാരുടെ രണ്ടാം ഗോളിനവകാശിയയത്. ഗോള്‍ രഹിത സമനിസലയിലേക്ക് കലാശിച്ചിരുന്ന മല്‍സരത്തിലെ അവസാന മിനിറ്റുകളിലാണ് യുവന്റസിന്റെ രണ്ട് ഗോളും പിറന്നത്. ജയത്തോടെ ലീഗ സീസണിലെ ടീമിന്റെ അപരാജിത ക്കുതിപ്പിന് വിരാമമായില്ല. ലീഗില്‍ അഞ്ച് മല്‍സരങ്ങളിലിറങ്ങിയ യുവന്റസ് അഞ്ചും ജയിച്ച് 15 പോയിന്റോടെയാണ് ഒന്നാമത് നില്‍ക്കുന്നത്.
പ്രതിരോധം കടുപ്പിച്ച് 4-3-3 എന്ന ശൈലിയിലാണ് യുവന്റസ് ഫ്രോസിനോണിന്റെ ഹോംഗ്രൗണ്ടില്‍ പോരാട്ടത്തിന് ഇറങ്ങിയത്.
മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ യുവന്റസ് മുന്നേറ്റം ഉണര്‍ന്നു പ്രവര്‍ത്തിച്ചെങ്കിലും ഷോട്ടെല്ലാം ഫ്രോസിനോന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു. ഇതില്‍ റോണോയാണ് കൂടുതല്‍ അപകടകാരനായത്. ഇടയ്ക്ക് മാന്‍സുക്കിച്ചും ഗോള്‍ ശ്രമത്തിനായി ഷോട്ടുതിര്‍ത്തെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ഗോള്‍ വരള്‍ച്ച 81ാം മിറ്റില്‍ അവസാനിച്ചു. എതിരാളികളെ അനങ്ങാന്‍ അനുവദിക്കാതെ പൂട്ടിയ ഫ്രോസിനോണ്‍ പ്രതിരോധതാരങ്ങളെ മറികടന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിന്റെ ആദ്യ ഗോള്‍ നേടിയത്. ചാംപ്യന്‍സ് ലീഗില്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയതിന്റെ ക്ഷീണം മാറ്റാന്‍ കളത്തിലിറങ്ങിയ റോണോ ലക്ഷ്യം കാണുകയായിരുന്നു. ക്ലോസ് റേഞ്ചില്‍ നിന്ന് ഒരു ഇടംകാലന്‍ ഷോട്ട് തൊടുത്താണ് റോണോ യുവന്റസിന്റെ രക്ഷകനായത്. റൊണാള്‍ഡോയുടെ യുവന്റസിനായുള്ള മൂന്നാം ഗോളായിരുന്നു ഇത്. ഇഞ്ചുറി സമയത്ത് ബെര്‍ണാഡഷിയിലൂടെ യുവന്റസ് രണ്ടാമതും വല കുലുക്കിയതോടെ, വിജയവും 3 പോയിന്റും യുവന്റസിന് സ്വന്തം.

RELATED STORIES

Share it
Top