Flash News

എസ്എഫ്‌ഐ അക്രമത്തിനെതിരായ പ്രതിഷേധം മതതീവ്രവാദമെന്ന് സിപിഎം

എസ്എഫ്‌ഐ അക്രമത്തിനെതിരായ പ്രതിഷേധം മതതീവ്രവാദമെന്ന് സിപിഎം
X


വടകര: എസ്എഫ്‌ഐയുടെ അക്രമത്തിനെതിരേ പ്രതിഷേധിക്കുന്നത് മതതീവ്രവാദമാണെ വിചിത്ര വാദവുമായി സിപിഎം. മടപ്പള്ളി ഗവ. കോളജിലെ വിദ്യാര്‍ഥികളെ ആക്രമിച്ച എസ്എഫ്‌ഐയുടെ നടപടിക്കെതിരെ പ്രതിഷേധിച്ചവരെയാണ് സിപിഎം തീവ്രവാദികളാക്കിയത്. കോഴിക്കോട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പ്രതിഷേധിക്കുന്നവരെ മതതീവ്രവാദികളെന്ന് ചിത്രീകരിക്കുന്നത്.

ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ ഫ്രറ്റേണിറ്റിയും എംഎസ്എഫും മറ്റു സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത് തീവ്രവാദപ്രവര്‍ത്തനമാണെന്ന് സിപിഎം ആരോപിക്കുന്നു. കോളജ് തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ നേടിയ വിജയത്തില്‍ പ്രകോപിതരായി മതതീവ്രവാദ സംഘടനകള്‍ എസ്എഫ്‌ഐക്കെതിരായി അക്രമകഥകള്‍ പ്രചരിപ്പിക്കുകയാണെന്നാണ് സിപിഎം പറയുന്നത്.

എസ്എഫ്‌ഐക്കെതിരായ ഈ അക്രമത്തില്‍ മുസ്‌ലിം വര്‍ഗീയവാദികളോടൊപ്പം ഹിന്ദുത്വവര്‍ഗീയവാദികളും കാംപസിനു പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ വേട്ടയാടി. കാംപസിലെ മതനിരപേക്ഷ അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് കഴിഞ്ഞ കുറേക്കാലമായി മടപ്പള്ളി കോളജില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെ പ്രതിരോധിച്ചുകൊണ്ടാണ് എസ്എഫ്‌ഐ കാംപസിന്റെ മതനിരപേക്ഷ അന്തരീക്ഷം നിലനിര്‍ത്തുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

മടപ്പള്ളി കോളജില്‍ എസ്എഫ്‌ഐ നടത്തിയ ക്രൂരമായ ആക്രമണത്തില്‍ പെണ്‍കുട്ടികള്‍ക്കടക്കം പരിക്കേറ്റിരുന്നു. പെണ്‍കുട്ടികളെ കോളജിന്റെ ബാത്ത്‌റൂമില്‍ ഇട്ട് മര്‍ദിക്കുന്നതിന്റെയും തെറി പറയുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മതതീവ്രവാദ ആരോപണവുമായി സിപിഎം രംഗത്തെത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it