സിപിഎം ഹിന്ദു-മുസ്ലിം കലാപത്തിന് ശ്രമിക്കുന്നു: ബിജെപി

ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ സിപിഎം ഹിന്ദു-മുസ്ലിം കലാപത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു. വ്യാപകമായ വര്‍ഗീയ കലാപത്തിന് സിപിഎം സര്‍ക്കാരും ആസൂത്രിതമായ ശ്രമം ആണ് നടത്തിയത്. ഉത്തരവാദിത്വത്തോടെയാണ് ഈ ആരോപണം ഉന്നയിക്കുന്നത്. വെള്ളിയാഴ്ച ശബരിമലയില്‍ യുവതിയെ കയറ്റാന്‍ നടത്തിയ ശ്രമം അതാണ് വ്യക്തമാക്കുന്നതെന്നും കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.രഹ്ന ഫാത്തിമയെന്ന മുസ്ലിം യുവതി ഇരുമുടിക്കെട്ടുമേന്തി ശബരിമല കേറാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മുസ്ലിം ആരാധനാലായങ്ങള്‍ക്ക് നേരെ ആക്രമണത്തിന് ഡിവൈഎഫ്‌ഐ തയാറെടുത്തിരുന്നു. മുസ്ലിം മല കേറി ആചാരങ്ങള്‍ ലംഘിച്ചതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മുസ്ലിം പള്ളി തകര്‍ത്തു എന്ന തരത്തില്‍ പ്രചാരണം അഴിച്ചുവിടുകയായിരുന്നു സിപിഎമ്മിന്റെ ഗൂഢലക്ഷ്യം. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ജനത്തില്‍ നിന്ന് ഒറ്റപ്പെട്ട സാഹചര്യം മറികടക്കാനാണ് വര്‍ഗീയ കലാപത്തില്‍ സിപിഎം ശ്രമിക്കുന്നത്. സാധാരണ വേഷം മാറ്റി പോലീസ് വേഷത്തോടെ മല കയറ്റാന്‍ നടത്തിയ ശ്രമം ജനങ്ങള്‍ എത്രത്തോളം ജാഗരൂകയാവണമെന്നതിന്റെ തെളിവാണ്. ശബരിമലയിലേത് ഹിന്ദു മുസ്ലിം പ്രശ്‌നമല്ല. വിശ്വാസികളും അവിശ്വസികളും തമ്മിലുള്ള പ്രശ്‌നം മാത്രമാണ്. പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലമുണ്ടായ ഒരു ദുരന്തമായിരുന്നു മഹാപ്രളയം. സമാനമായി സര്‍ക്കാര്‍ പിടിപ്പുകേട് മൂലം സംഭവിച്ച ദുരന്തമാണ് ശബരിമലയിലെ സംഭവവികാസങ്ങള്‍. ശബരിമല ക്ഷേത്രം എന്നന്നേക്കുമായി അടച്ചു പൂട്ടാന്‍ ആണ് സിപിഎം ശ്രമം. ആചാര ലംഘനം ഉണ്ടായാല്‍ നട അടയ്‌ക്കേണ്ടി വരുമെന്ന് സിപിഎമ്മിനറിയാമെന്നും കൃഷ്ണദാസ് പറഞ്ഞു.

RELATED STORIES

Share it
Top