ബിജെപിക്കു വേണ്ടി വര്‍ഗീയ ധ്രുവീകരണ വാര്‍ത്തകള്‍ നല്‍കാമെന്ന് മാധ്യമങ്ങള്‍: കോബ്രാ പോസ്റ്റിന്റെ ഡോക്യൂമെന്ററിയുടെ വിലക്ക് കോടതി നീക്കിന്യൂഡല്‍ഹി: കോഴ വാങ്ങി ബിജെപിക്കു വേണ്ടി വര്‍ഗീയ ധ്രുവീകരണ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാമെന്ന് പ്രമുഖ മാധ്യമങ്ങള്‍ സമ്മതിക്കുന്ന ഒളികാമറാ ദൃശ്യങ്ങളടങ്ങിയ ഡോക്യുമെന്ററി പുറത്തുവിടുന്നതിന് കോബ്രാ പോസ്റ്റിന് ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി പിന്‍വലിച്ചു. ഡോക്യുമെന്ററി പുറത്തുവിടുന്നതില്‍ നിന്ന് മെയ് 23ന് കോബ്രാ പോസ്റ്റിനെ ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിലക്കിയിരുന്നു. 'ആശയാവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ പ്രാണവായുവാണെന്ന' നിരീക്ഷണത്തോടെയാണ് ഡല്‍ഹി ഹൈക്കോടതി വിലക്കു നീക്കിയത്. വിധിക്കു പിന്നാലെ 'ദൈനിക് ഭാസ്‌കര്‍' പ്രതിനിധികള്‍ ആര്‍എസ്എസിനും ബിജെപിക്കും അനുകൂലമായ വാര്‍ത്തകള്‍ നല്‍കാമെന്നു സമ്മതിക്കുന്ന ഒളികാമറാ ദൃശ്യങ്ങള്‍ കോബ്രാ പോസ്റ്റ് പുറത്തുവിട്ടു.
ബിജെപിയെയും ആര്‍എസ്എസിനെയും പിന്തുണച്ച് 20 കോടി രൂപ കോഴ വാങ്ങി അനുകൂല വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കാമെന്ന് സിഇഒ ധര്‍മേന്ദ്ര അത്രി ഉള്‍പ്പെടെയുള്ള ദൈനിക് ഭാസ്‌കറിന്റെ പ്രതിനിധികള്‍ ഉറപ്പുനല്‍കുന്ന ദൃശ്യങ്ങളാണ് കോബ്രാ പോസ്റ്റ് പുറത്തുവിട്ടത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനങ്ങളും പ്രഭാഷണങ്ങളും വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണമെന്ന കോബ്രാ പോസ്റ്റ് റിപോര്‍ട്ടറുടെ ആവശ്യം സന്തോഷത്തോടെ ദൈനിക് ഭാസ്‌കര്‍ പ്രതിനിധികള്‍ അംഗീകരിക്കുന്ന ദൃശ്യങ്ങളും കോബ്രാ പോസ്റ്റ് പുറത്തുവിട്ടിട്ടുണ്ട്.
ഭഗവദ്ഗീത, ഭഗവാന്‍ ശ്രീകൃഷ്ണന്‍, രാമജന്മഭൂമി വിഷയം തുടങ്ങി ഹിന്ദുക്കളെ ഒന്നിപ്പിക്കുന്ന ഘടകങ്ങളില്‍ ഊന്നിയ പ്രചാരണത്തിലൂടെ ഡല്‍ഹിയിലും പഞ്ചാബിലും മറ്റും അധികാരം പിടിച്ചെടുക്കാന്‍ സഹായിക്കുന്ന രീതിയില്‍ പ്രചാരണം നടത്തണമെന്ന പദ്ധതിയും ദൈനിക് ഭാസ്‌കര്‍ പ്രതിനിധികള്‍ ഏറ്റെടുക്കുന്നതായി ദൃശ്യത്തിലുണ്ട്. ആര്‍എസ്എസുമായി എക്കാലത്തും ബന്ധമുണ്ടെന്നും ആ ബന്ധം തുടരാന്‍ സന്തോഷമേയുള്ളൂവെന്നും ദൈനിക് ഭാസ്‌കര്‍ ഡെപ്യൂട്ടി മാനേജിങ് എഡിറ്റര്‍ പവന്‍ അഗര്‍വാള്‍ ഒളികാമറയ്ക്കു മുന്നില്‍ പറയുന്ന ദൃശ്യങ്ങളും പുറത്തുവിട്ടതിലുണ്ട്. മലയാളത്തിലെ പ്രമുഖ പത്രത്തിന്റെ ചാനല്‍ തലവന്‍മാര്‍ ഉള്‍പ്പെടെ കോബ്രാ പോസ്റ്റ് ഒളികാമറയില്‍ കുടുങ്ങിയിരുന്നു.

RELATED STORIES

Share it
Top