Flash News

ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ കീഴടങ്ങില്ല; കേരളത്തിന്റെ നവോത്ഥാന ചരിത്രം ഓര്‍ക്കണം: മുഖ്യമന്ത്രി

ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ കീഴടങ്ങില്ല; കേരളത്തിന്റെ നവോത്ഥാന ചരിത്രം ഓര്‍ക്കണം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ലെന്നും എന്നാല്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രിം കോടതി വിധിയില്‍ സര്‍ക്കാര്‍ പുനപരിശോധനാ ഹരജി നല്‍കില്ല.

സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കോടതി വിധി മാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് പുനപരിശോധനാ ഹരജി നല്‍കാനാകില്ല. മറ്റുള്ളവര്‍ നല്‍കുന്നതിനെ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. നാടിന്റെ ഒരുമ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അനാചാരങ്ങള്‍ക്ക് എതിരായ നവോത്ഥാന മുന്നേറ്റങ്ങളിലൂടെയാണ് കേരളം വളര്‍ന്നത്. ഒരു വിഭാഗങ്ങളോടും വിവേചനം പാടില്ലെന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സവര്‍ണ മേധാവിത്വം തകര്‍ത്താണ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നേറിയത്. ഇതില്‍ മന്നത്ത് പത്മനാഭന്റെ സംഭാവനകളെ വിസ്മരിക്കാനാകില്ല. ഇതിന്റെ ഫലമായാണ് വൈക്കം സത്യാഗ്രഹമടക്കമുള്ളവ ഉണ്ടായത്.

സര്‍ക്കാര്‍ നിലപാട് അല്ല സുപ്രിം കോടതി വിധിയിലേക്ക് എത്തിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍ പ്രകാരം അല്ല കേസ് ഉയര്‍ന്നു വന്നത്.

മാസ പൂജകള്‍ക്ക് പ്രായ വ്യത്യാസം ഇല്ലാതെ സ്ത്രീകള്‍ നേരത്തെ ശബരിമലയില്‍ വരാറുണ്ടെന്ന വാദങ്ങള്‍ ഹൈക്കോടതിയിലെ കേസില്‍ ഉയര്‍ന്നിരുന്നു. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീ പ്രവേശനം വിലക്കുന്ന 91 ലെ ഹൈക്കോടതി ഉത്തരവ് എല്‍ഡിഎഫ് സര്‍ക്കാരുകളും പാലിച്ചു പോരുകയായിരുന്നു.
കോടതി ആവശ്യപ്പെട്ടതുകൊണ്ടാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

വിധി എല്ലാവര്‍ക്കും ബാധകം എന്നാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ആദ്യം പ്രതികരിച്ചത്. എന്നാല്‍ ,അടുത്ത ദിവസങ്ങളില്‍ അവര്‍ നിലപാട് തിരുത്തിയത് വിസ്മയകരമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ദേശീയ പ്രസ്ഥാന പാരമ്പര്യം ഉള്ള കോണ്‍ഗ്രസ് ഇപ്പോള്‍ വര്‍ഗീയ ശക്തികളുടെ നിലപാടിലേക്ക് മാറി. ഇതാണ് കോണ്‍ഗ്രസിന്റെ തളര്‍ച്ചയ്ക്കും ബിജെപി യുടെ വളര്‍ച്ചയ്ക്കും കാരണം.

ബിജെപിയുടേത് ഇരട്ടത്താപ്പാണ്. ബിജെപിയെ നയിക്കുന്ന ആര്‍എസ്എസ് അഖിലേന്ത്യാ നേതൃത്വവുംആദ്യം വിധിയെ പിന്തുണച്ചു. പിന്നീടാണ് അവര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഒരു നവോത്ഥാന മുന്നേറ്റങ്ങളിലും ഉണ്ടായിരുന്നവരല്ല അവര്‍. എന്നാല്‍ എല്ലാ മുന്നേറ്റങ്ങളും തകര്‍ക്കാനായിരുന്നു ഇക്കൂട്ടര്‍ ശ്രമിച്ചിരുന്നതെന്നും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി.

സാമൂഹ്യ പരിഷ്‌ക്കരണത്തില്‍ ചില ഇടപെടല്‍ വരുമ്പോള്‍ എല്ലാവരും അണി നിരക്കണമെന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ആണ്‍ കുഞ്ഞുണ്ടാകാന്‍ പെണ്‍കുഞ്ഞുങ്ങളെ മുതലയ്ക്ക് എറിയുന്ന ആചാരമുണ്ടായിരുന്നു. 1886ല്‍ ഇതു നിരോധിച്ചു. എന്നാല്‍ സ്ത്രീകള്‍ വീണ്ടും എറിഞ്ഞു. അവസാനം മുതലകളെ സര്‍ക്കാര്‍ കൊന്നു തുടങ്ങി.

മാറുമറയ്ക്കല്‍ സമരമാണ് മറ്റൊരു ഉദാഹരണം. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ പണ്ടു കാലത്ത് മാറുമറയ്ക്കാന്‍ പാടില്ലായിരുന്നു. മാറുമറച്ച് ചെന്നവരെ സ്ത്രീകള്‍ തന്നെ തല്ലി. പിന്നീടാണ് മാറുമറയ്ക്കാം എന്ന നിയമം വരുന്നത്. മാറ്റം വരുമ്പോള്‍ എല്ലാവരും സഹകരിക്കണം എന്നില്ല. കാലത്തിന് അനുസരിച്ച് മാറ്റം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it