ബ്ലാസ്റ്റേഴ്‌സില്‍ ഹ്യൂമേട്ടന്റെ റെക്കോഡ് തകര്‍ത്ത് വിനീത്


ജംഷഡ്പൂര്‍: ഇന്നലെ ജംഷഡ്പൂരിനെതിരെ നടന്ന മല്‍സരത്തില്‍ സമനില ഗോള്‍ കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്‌സില്‍ ഇയാന്‍ ഹ്യൂമിന്റെ റെക്കോഡ് ഗോള്‍നേട്ടത്തെ മറികടന്ന് മലയാളി താരം സി കെ വിനീത്. ഈ ഗോള്‍ നേട്ടത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എക്കാലത്തെയും ടോപ് സ്‌കോറര്‍ പദവിയാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന താരത്തിന്റെ കേരള ബ്ലാസ്‌റ്റേഴ്‌സ് കരിയറിലെ 11-ാം ഗോളായിരുന്നു ഇത്. ജംഷഡ്പൂരിനെതിരായ മല്‍സരത്തിന് മുമ്പ് വരെ 10 ഗോളുമായി വിനീതും ഹ്യുമുമായിരുന്നു ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ മല്‍സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ നേടിയ ഗോള്‍ ഇയാന്‍ ഹ്യൂമിന്റെ 10 ഗോളിനൊപ്പം വിനീതിനെ എത്തിച്ചിരുന്നു. 36 മല്‍സരങ്ങളില്‍ നിന്നാണ് സി കെ വിനീത് ഈ നേട്ടത്തില്‍ എത്തിയത്. 2016 സീസണില്‍ 5 ഗോളുകളും കഴിഞ്ഞ സീസണില്‍ നാലു ഗോളുകളും സി കെ വിനീത് കേരള ബ്ലാസ്‌റ്റേഴ്‌സിനായി നേടിയിരുന്നു. സീസണില്‍ ഇതുവരെ രണ്ട് ഗോളുകളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. കൂടാതെ മൂന്ന് അസിസ്റ്റുകളും സി കെ വിനീതിന്റെ ബൂട്ടുകളില്‍ നിന്നും പിറന്നു.

RELATED STORIES

Share it
Top