ക്ലാസ് റൂമുകളില്‍ കുത്തി നിറച്ച പോലെ കുട്ടികള്‍: 1700 സിബിഎസ്ഇ സ്‌കൂളുകളുടെ അംഗീകാരം നഷ്ടമാവും

ന്യൂഡല്‍ഹി: ക്ലാസ് റൂമുകളില്‍ കുട്ടികളെ കുത്തി നിറച്ച 1700 സിബിഎസ്ഇ സ്‌കൂളുകളുടെ അംഗീകാരം നഷ്ടമായേക്കും. ഒരു ക്ലാസില്‍ 40ല്‍ അധികം കുട്ടികള്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ച സ്‌കൂളുകളുടെ അംഗീകാരമാണ് സിബിഎസ്ഇ റദ്ദാക്കുന്നത്. സിബിഎസ്ഇയുടെ ഓണ്‍ലൈന്‍ അഫിലിയേറ്റഡ് സ്‌കൂള്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം വഴി നടത്തിയ പരിശോധനയിലാണ് ഇത്തരത്തില്‍ 1700 സ്‌കൂളുകള്‍ കൂടുതല്‍ കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്.അംഗീകാരം പിന്‍വലിക്കുന്നതിന്റെ ആദ്യപടിയായി ഈ സ്‌കൂളുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. അംഗീകാരം റദ്ദാക്കുന്നതിന് പുറമെ അധികമായി ക്ലാസിലിരുത്തിയ ഓരോ വിദ്യാര്‍ത്ഥിയ്ക്കും 500 രൂപ വീതം സ്‌കൂളുകളില്‍ നിന്ന് പിഴയീടാക്കും. സിബിഎസ്ഇയുടെ കീഴില്‍ വരുന്ന ആകെ സ്‌കൂളുകളുടെ 7-8 ശതമാനമാണ് നിയമലംഘനം നടത്തിയിരിക്കുന്നത്. സ്‌കൂളുകളിലെ വാടക സീറ്റ് സംവിധാനം ഇല്ലാതാക്കുകയെന്ന ലക്ഷ്യവും ഇത്തരത്തിലൊരു നീക്കത്തിലുണ്ട്. ക്ലാസില്‍ വരാത്ത കുട്ടിയ്ക്ക് അറ്റന്‍ഡന്‍സ് നല്‍കി പുറത്ത് കോച്ചിങ്ങിന് പോകാന്‍ അനുവദിക്കുകയും ചെയ്യുന്ന രീതിയാണിത്. ക്രമക്കേട് കണ്ടെത്താന്‍ 2016ലാണ് ഓണ്‍ലൈന്‍ അഫിലിയേറ്റഡ് സ്‌കൂള്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം സിബിഎസ്ഇ നടപ്പാക്കിയത്. പരിശോധനയില്‍ ക്ലാസുകളില്‍ കൂടുതല്‍ കുട്ടികള്‍ ഇരിക്കുന്നതായി കണ്ടെത്തിയെന്ന മാത്രമല്ല, ക്ലാസിലെ കുട്ടികളുടെ എണ്ണവും ഓണ്‍ലൈന്‍ രജിസ്റ്ററിലെ എണ്ണവും തമ്മില്‍ പൊരുത്തക്കേടുള്ളതും കണ്ടെത്തി.

RELATED STORIES

Share it
Top