Flash News

സൗദി അറേബ്യ പൊരുതിയെങ്കിലും ബ്രസീലിന്റെ മുന്നില്‍ തോല്‍വി മാത്രം

സൗദി അറേബ്യ പൊരുതിയെങ്കിലും ബ്രസീലിന്റെ മുന്നില്‍ തോല്‍വി മാത്രം
X

റിയാദ് (സൗദി അറേബ്യ): അര്‍ജന്റീനയ്‌ക്കെതിരായ സൗഹൃദ മല്‍സരത്തിന് മുന്നോടിയായി സൗദി അറേബ്യയെ അവരുടെ തട്ടകത്തില്‍ ചെന്ന് മാറ്റുരയ്ച്ച ലോക രാജാക്കന്‍മാരായ ബ്രസീലിന് ഏകപക്ഷീയമായ രണ്ട് ഗോളിന്റെ ജയം. പരിക്ക് കാരണം മാഴ്‌സലോ പിന്‍മാറിയെങ്കിലും കോട്ടീഞ്ഞോ, നെയ്മര്‍, ജീസസ് തുടങ്ങിയ ശക്തരായ താരങ്ങള്‍ അണി നിരന്ന ബ്രസീലിനെ വെള്ളം കുടിപ്പിച്ചാണ് അറബ് പ്രതാപികള്‍ കീഴടങ്ങിയത്. ബ്രസീല്‍ നിരയില്‍ വീണ രണ്ട് ഗോളുകളുടെയും വഴിയൊരുക്കി നായകന്‍ നെയ്മറും ഇന്നലെ കരുത്തുകാട്ടി.
കോട്ടീഞ്ഞോയും നെയ്മറും ജീസസും ചേര്‍ന്ന ബ്രസീല്‍ ആക്രമണ നിരയെ നേരിട്ട സൗദി അറേബ്യ ആദ്യ പകുതിയില്‍ മികച്ച വെല്ലുവിളി ഉയര്‍ത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന്റെ തൊട്ടുമുമ്പ് ഗബ്രിയേല്‍ ജീസസിലൂടെ ബ്രസീല്‍ മുന്നിലെത്തി. നെയ്മറിന്റെ പാസില്‍ നിന്ന് മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ജീസസ് അനായാസം പന്ത് വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ബ്രസീലിന്റെ സമാന പ്രകടനം പുറത്തെടുത്ത സൗദി അറേബ്യ പലപ്പോഴും ബ്രസീല്‍ ഗോള്‍ മുഖം ആക്രമിക്കുകയും ചെയ്തു. എന്നാല്‍ 85ാം മിനിറ്റില്‍ ഗോളി മുഹമ്മദ് അല്‍ ഒവൈസ് ചുവപ്പ് കാര്‍ഡ് കണ്ടതോടെ സൗദിയുടെ സമനില ഗോള്‍ ശ്രമത്തിന് കരി നിഴല്‍ വീണു. 10 പേരുമായി ചുരുങ്ങിയ സൗദിക്കെതിരേ ഇഞ്ചുറി ടൈമില്‍ അലക്‌സ് സാന്‍ട്രോ കൂടി ഗോള്‍ നേടിയതോടെ രണ്ട് ഗോളുകളുടെ ജയം ബ്രസീല്‍ സ്വന്തമാക്കി. ചൊവ്വാഴ്ച അര്‍ജന്റീനക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മല്‍സരം.
Next Story

RELATED STORIES

Share it