മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ വീടുകളില്‍ ബോംബ് കണ്ടെത്തി; സിഎന്‍എന്‍ ആസ്ഥാനത്തും ബോംബ്ന്യൂയോര്‍ക്ക്: യുഎസ് മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ബരാക് ഒബാമ, മുന്‍വിദേശകാര്യ സെക്രട്ടറിയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹിലരി ക്ലിന്റണ്‍ എന്നിവരുടെ വസതികളില്‍ ബോംബ് കണ്ടെത്തി. ഒബാമയുടെ ന്യൂയോര്‍ക്ക് നഗര പ്രാന്തത്തിലുളള വസതിയിലാണ് ബുധനാഴ് ബോംബ് കണ്ടെത്തിയതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ സിഎന്‍എന്‍ ആസ്ഥാനത്തും ബോംബ് ഭീഷണി. ഓഫീസിലെത്തിച്ച തപാലുകളുടെ കൂട്ടത്തിലാണ് ദുരൂഹമായ പാക്കറ്റ് കണ്ടെത്തിയത്. ഇത് സ്‌ഫോടക വസ്തുക്കളാണെന്നാണ് സൂചന. ഇതോടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്കിലെ ടൈം വാര്‍ണര്‍ ബില്‍ഡിംഗ് പൂര്‍ണ്ണമായും ഒഴിപ്പിച്ചു.
ബില്‍ ക്ലിന്റനും ഹിലാരി ക്ലിന്റനും വേണ്ടി തപാല്‍ പരിശോധിക്കുന്ന ജീവനക്കാരനാണ് ബോംബ് കണ്ടെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലിന്റന്റെ വസതിയില്‍ ബോംബ് കണ്ടെത്തിയത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ഇതിന് പിന്നാലെയാണ് സമാന രീതിയിലുള്ള ബോംബ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിലാസത്തിലേക്കും എത്തിയത്. ഇതും പരിശേധനയ്ക്കിടയിലാണ് സ്‌ഫോടകവസ്തുവാണെന്ന് തിരിച്ചറിഞ്ഞത്.
ബില്‍ ക്ലിന്റന്റെയും ഹിലാരി ക്ലിന്റന്റെയും വസതിയില്‍ കണ്ടെത്തിയ ബോംബിന് തിങ്കളാഴ്ച കോടിപതിയായ ജോര്‍ജ് സോറോസിന്റെ വീട്ടില്‍ കണ്ടെത്തിയ ബോംബുമായി സാമ്യമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിഎന്‍എന്‍ ഓഫീസിലെത്തിച്ച തപാലുകളുടെ കൂട്ടത്തിലാണ് ദുരൂഹമായ പാക്കറ്റ് കണ്ടെത്തിയത്. തത്സമയ സംപ്രേഷണം നടന്നുകൊണ്ടിരിക്കെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. വൈകാതെ തന്നെ ചാനല്‍ തത്സമയ സംപ്രേഷണം നിര്‍ത്തിവച്ചു.

RELATED STORIES

Share it
Top