കോണ്‍ഗ്രസ് നേതാക്കളെ വാഗ്ദാനങ്ങള്‍ നല്‍കി സ്വാധീനിക്കാന്‍ ബിജെപി നീക്കം തകൃതികെ സനൂപ്

തൃശൂര്‍: കോണ്‍ഗ്രസ് നേതാക്കളെ മോഹന സുന്ദര വാഗ്ദാനങ്ങള്‍ നല്‍കി സ്വാധീനിക്കാന്‍ ബിജെപി നീക്കം തകൃതി. കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളുള്ള ജനകീയ നേതാക്കളെ ബിജെപിയിലേക്ക് കൊണ്ടുവരാനാണ് ആദ്യശ്രമം. ഇതിനായി ബിജെപിയുടെ വിവിധ ജില്ലാ നേതാക്കളുമായി ബന്ധപ്പെട്ട്് ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ കണ്ടെത്തുകയും അവരുമായി ചര്‍ച്ച നടത്തി മോഹന സുന്ദരവാഗ്ദാനങ്ങള്‍ നല്‍കി പാട്ടിലാക്കാനുമാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം. പല ജില്ലകളിലേയും നേതാക്കള്‍ ബിജെപിയിലേക്ക് അടുക്കുന്നതായി സോഷ്യല്‍മീഡിയകളില്‍ വ്യാപക പ്രചരണവും നടക്കുന്നുണ്ട്്്. പ്രചരണത്തിന്റെ മറപിടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടാക്കി അത് മുതലെടുക്കാനാണ് ബിജെപി ആസൂത്രിത നീക്കം നടത്തുന്നത്.
തൃശൂരിലെ ജനസ്വാധീനമുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണന്‍ ബിജെപിയിലേക്ക് പോകുമെന്നുള്ള പ്രചരണമാണ് ഇപ്പോള്‍ വ്യാപകമായി നടക്കുന്നത്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം, ജയിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനം, പരാജയപ്പെട്ടാല്‍ ഗവര്‍ണര്‍ പദവി എന്നീ വാഗ്ദാനങ്ങളാണ് ബിജെപി തേറമ്പിലിന് നല്‍കിയിരിക്കുന്നതെന്നും പറയുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ദൂതന്‍മാര്‍ തേറമ്പില്‍ രാമകൃഷ്ണനുമായി ഒരുവട്ടം ചര്‍ച്ചകള്‍ കഴിഞ്ഞതായും പ്രചരിക്കുന്നുണ്ട്. എന്നാല്‍ തേറമ്പില്‍ രാമകൃഷ്ണന്‍ ബിജെപിയിലേക്ക് പോകുമെന്നുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പ്രതികരിച്ചു. വിഷയം അടിസ്ഥാനരഹിതമാണെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ തേജസ് പ്രതിനിധിയോട് പ്രതികരിച്ചു. കോണ്‍ഗ്രസുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബിജെപിയുടെ നേതാക്കളാരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും തേറമ്പില്‍ പറഞ്ഞു. എന്നാല്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് പ്രചരിപ്പിച്ച് കോണ്‍ഗ്രസിനുള്ളില്‍ കലാപമുണ്ടാക്കി തേറമ്പിലിനെ പുറത്തെത്തിക്കാനാണ് ബിജെപി നീക്കമെന്നാണ് സൂചന.
അതേസമയം കോണ്‍ഗ്രസിന്റെ അവഗണനയില്‍ കടുത്ത പ്രതിഷേധത്തിലാണ് തേറമ്പില്‍ രാമകൃഷ്ണനെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസ് മണ്ഡലം, ബ്ലോക്ക് പുന: സംഘടനകളിലൊന്നും തേറമ്പിലിന്റെ അഭിപ്രായം തേടാത്തതില്‍ അദ്ദേഹത്തിന് അമര്‍ഷമുണ്ട്. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുടര്‍ച്ചയായി അവഗണിക്കുന്നതായും തേറമ്പിലിന് പരാതിയുണ്ട്.
തൃശൂരിലെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമാണ് തേറമ്പില്‍ രാമകൃഷ്ണന്‍. 1982, 1991, 1996, 2001, 2006, 2011 തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു തേറമ്പില്‍ രാമകൃഷ്ണന്‍. 1995-96 കാലഘട്ടത്തില്‍ കേരള നിയമസഭാ സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കെപിസിസി എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമാണ് നിലവില്‍ തേറമ്പില്‍ രാമകൃഷ്ണന്‍.

RELATED STORIES

Share it
Top