Flash News

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പോലിസ്

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പോലിസ്
X


കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടനെ അറസ്റ്റ് ചെയ്യുമെന്ന് പോലിസ്. ബിഷപ്പിനെതിരെ നിര്‍ണായകമായ മൊഴികള്‍ ലഭിച്ചതായാണ് റിപോര്‍ട്ടുകള്‍. കന്യാസ്ത്രീയുടെ മൊഴികളിലെ വൈരുധ്യം പരിഹരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒരു വട്ടം കൂടി ബിഷപ്പിനെ ചോദ്യം ചെയ്‌തേക്കും. ഇതിനു തൊട്ടുപിന്നാലെ അറസ്്റ്റുണ്ടാകുമെന്നാണ സൂചന. കേസില്‍ പോലിസ് നടത്തുന്ന അന്വേഷണം പ്രഥമദൃഷ്ട്യാ തൃപ്തികരമാണെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
കന്യാസ്ത്രീയുടെ പരാതിയില്‍ കുറവിലങ്ങാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ന്യായമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളവും ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക്കാ ചര്‍ച്ച് റിഫോമേഷന്‍ മൂവ്‌മെന്റും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കായംകുളം സ്വദേശി വി രാജേന്ദ്രനും സമര്‍പ്പിച്ച ഹരജികള്‍ ഇന്നലെ പരിഗണിച്ചപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി ഇങ്ങിനെ നിരീക്ഷിച്ചത്. കേസില്‍ ആരോപണവിധേയനായ ബിഷപ്പിന് പോലിസിനെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാവുന്നതെന്നുമാണ് കോടതി വാക്കാല്‍ നിരീക്ഷിച്ചത്.
പ്രതിയുടെയും മൊഴിയിലെ വൈരുധ്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനാല്‍ വിശദമായ പരിശോധനയ്ക്കുശേഷമേ മറ്റു നടപടികള്‍ സ്വീകരിക്കാനാവൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാടെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രലോഭിപ്പിച്ച് സാക്ഷികളുടെ മനസ്സു മാറ്റാനുള്ള ഉന്നതരുടെ ശ്രമം ആശങ്കാജനകമാണെന്നും കോടതി പറഞ്ഞു. ഈ വിഷയത്തില്‍ പോലിസ് വേണ്ട നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഈ മാസം 24നാണ് വീണ്ടും പരിഗണിക്കുക. അപ്പോഴേക്കും അന്വേഷണ പുരോഗതി റിപോര്‍ട്ട് പോലിസ് സമര്‍പ്പിക്കേണ്ടതുണ്ട്്. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് ഒരുങ്ങുന്നത്.
Next Story

RELATED STORIES

Share it