മഠത്തില്‍വച്ച് രണ്ടുതവണ ബലാല്‍സംഗം; ഫ്രാങ്കോ മുളയ്ക്കലിനെ നാളെ കുറുവിലങ്ങാട് മഠത്തിലെത്തിക്കും


കോട്ടയം: മഠത്തില്‍വച്ച് രണ്ടുതവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അധികാരം ഉപയോഗിച്ച് ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നും റിപ്പോര്‍ട്ടിലുണ്ട്.
'ഇടയനൊപ്പം ഒരു ദിനം' പരിപാടിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കന്യാസ്ത്രീകളോട് ബിഷപ്പിനൊപ്പം രാത്രി ഒരു മണിക്കൂര്‍ തങ്ങണമെന്ന് ആവശ്യപ്പെട്ടു. സ്വകാര്യ സങ്കടങ്ങള്‍ ബിഷപ്പിനോട് പറയാനാണ് കന്യാസ്ത്രീകളെ വിളിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കന്യാസ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നടത്തിയിരുന്ന പരിപാടിയാണ് ഇടയനൊപ്പം ഒരു ദിനം.
കന്യാസ്ത്രീ ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബലാത്സംഗ കേസില്‍ ഇന്നലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫ്രാങ്കോ മുളക്കലിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയായി. അദ്ദേഹത്തെ നാളെ അതിരാവിലെ കുറവിലങ്ങാട് മഠത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ജനങ്ങള്‍ തടിച്ചുകൂടാനുളള സാഹചര്യം മുന്നില്‍ കണ്ട് അതിരാവിലെ തന്നെ തെളിവെടുപ്പ് നടത്താനാണ് ഉദ്ദേശം. ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം വരുന്നത് ഒഴിവാക്കാനും പൊലീസ് ശ്രമിക്കും.
വൈദ്യ പരിശോധനയ്ക്ക് ശേഷം ബിഷപ്പിനെ കോട്ടയത്ത് ജില്ല പൊലീസ് ക്ലബില്‍ താമസിപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി വിട്ടിരിക്കുന്നത്.
അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരേ കൂടുതല്‍ പീഡന പരാതികള്‍ പൊലീസിന് ലഭിച്ചു. അതീവ രഹസ്യമായാണ് പരാതികള്‍ ലഭിച്ചത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജലന്ധറില്‍ നിന്നുമായി നിരവധി പേര്‍ പരാതി നല്‍കിയിട്ടുണ്ട്. കന്യാസ്ത്രീയുടെ പരാതിയില്‍ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനിടെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.

RELATED STORIES

Share it
Top