സ്ത്രീക്ക് സഭ രണ്ടാനമ്മ മാത്രം, ബിഷപ്പ് ഇരപിടിയന്‍- കന്യാസ്ത്രീയുടെ കത്തിന്റെ പൂര്‍ണരൂപം

ചെറുപ്പകാലം മുതല്‍ സഭയാണ് അമ്മയെന്നാണ് പഠിപ്പിച്ചിരുന്നത്. എന്നാല്‍ എന്റെ അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചു, സ്ത്രീക്ക് സഭ രണ്ടാനമ്മ മാത്രമാണ്, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒരു ഇരപിടിയനാണ്. നിരവധി കന്യാസ്ത്രീകളോട് ബിഷപ്പ് മോശമായി പെരുമാറിയിട്ടുണ്ട്, എന്നിട്ടും നടപടിയുണ്ടായില്ല.പീഡനത്തിനിരയായിട്ടും പേടി കാരണം ഒന്നും പുറത്തുപറയാന്‍ സാധിച്ചില്ല. നിരവധി തവണ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിട്ടും സുപ്പീരിയര്‍ ജനറലിനോട് മുഴുവന്‍ കാര്യങ്ങള്‍ പറയാന്‍ സാധിച്ചില്ല. ബിഷപ്പിന്റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്തതിനാല്‍ കന്യാസ്ത്രീകള്‍ക്കെതിരെ അച്ചടക്കനടപടികള്‍ സ്വീകരിക്കുകയാണെന്ന് പരാതിപ്പെട്ടു. പക്ഷേ പരാതിയുടെ ഗൗരവം ആരും മനസ്സിലാക്കിയില്ല.ഞാന്‍ മാത്രമല്ല ബിഷപ്പിന്റെ ഇരയായിട്ടുള്ളത്. ചെറുപ്പക്കാരിയായ മറ്റൊരു കന്യാസ്ത്രീയോടും ഇത്തരത്തില്‍ പെരുമാറിയതിന് പിന്നാലെ ബിഷപ്പിനെക്കുറിച്ച് വ്യാപകമായ പരാതികളുയര്‍ന്നു. താത്പര്യം തോന്നുന്ന സ്ത്രീകളെ ബലപ്രയോഗത്തിലൂടെയോ ദൗര്‍ബല്യങ്ങളെ മുതലെടുത്തോ ബിഷപ്പ് കെണിയില്‍പ്പെടുത്തും.
2017 ഏപ്രിലില്‍ നടന്ന ഒരുദാഹരണം പറയാം. ബിഷപ്പ് ഫ്രാങ്കോയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ചെറുപ്പക്കാരിയായ കന്യാസ്ത്രീ, സേവനങ്ങളില്‍ വരുത്തിയ ഗുരുതരമായ പിഴവുകള്‍ വരുത്തിയതായി കണ്ടെത്തി. അച്ചടക്കനടപടിയുടെ ഭാഗമായി കന്യാസ്ത്രീയെ മറ്റൊരു സംസ്ഥാനത്തേക്ക് അയക്കാന്‍ ബിഷപ്പ് നിര്‍ദേശിച്ചു. പിന്നാലെ ഈ കന്യാസ്ത്രീയുള്ള മഠത്തില്‍ ബിഷപ്പ് പ്രത്യേക സന്ദര്‍ശനം നടത്തി. രാത്രി 12 മണിവരെ ഈ കന്യാസ്ത്രീ ബിഷപ്പിന്റെ മുറിയിലായിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബിഷപ്പിന്റെ നടപടികള്‍ മൂലം നിരവധി കന്യാസ്ത്രീകള്‍ മിഷനറീസ് ഓഫ് ജീസസ് വിട്ടുപോയിട്ടുണ്ട്. ഇരുപത് കന്യാസ്ത്രീകള്‍ പോയിട്ടും നടപടിയെടുക്കാന്‍ ചുമതലപ്പെട്ടവര്‍ തയ്യാറായില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും എംജെയിലെ നേതൃത്വം ആശ്രയിച്ചിരുന്നത് ബിഷപ്പിനെയായിരുന്നു. മുതിര്‍ന്ന കന്യാസ്ത്രീകളില്‍ ഒരാളായിരുന്നതുകൊണ്ട് മറ്റുള്ളവരോട് ഇതേക്കുറിച്ച് തുറന്നുസംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.
പീഡനം സഹിക്കവയ്യാതെ 2017 മെയില്‍ സഭ വിടാന്‍ തീരുമാനിച്ചു. തനിക്കൊപ്പം നാല് കന്യാസ്ത്രീകളും ഇതേ തീരുമാനമെടുത്തു. എല്ലാവര്‍ക്കും ജലന്തര്‍ രൂപത വിട്ട് മറ്റെവിടെയെങ്കിലും മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീകളായി സേവനമനുഷ്ഠിക്കണം എന്നായിരുന്നു ആഗ്രഹം.എന്നാല്‍ കന്യാസ്ത്രീകളും മറ്റുചില ബിഷപ്പുമാരും പുരോഹിതരും നല്‍കിയ സ്‌നേഹവും പിന്തുണയും തീരുമാനം മാറ്റാനിടയാക്കി. മിഷണറീസ് ഓഫ് ജീസസിന്റെ നാശം കാണാന്‍ എനിക്കാകുമായിരുന്നില്ല. അതിനാല്‍ സഭ വിടാനുള്ള തീരുമാനം ഉപേക്ഷിച്ചു. അതിനിടെ എനിക്കും കുടുംബത്തിനുമെതിരെ വ്യാജ പൊലീസ് കേസുണ്ടാക്കി ഭീഷണിപ്പെടുത്താന്‍ ബിഷപ്പ് ശ്രമിച്ചു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ എനിക്കും സിസ്റ്റര്‍ അനുപമക്കുമെതിരെ ആത്മഹത്യാഭീഷണി മുഴക്കിയെന്ന പേരില്‍ കേസ് കൊടുത്തു. ഈ വര്‍ഷം ജൂണില്‍ ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയെന്ന് പറഞ്ഞ് എന്റെ സഹോദരനെതിരെയും കേസ് കൊടുത്തു. കുടുംബാംഗങ്ങളുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ ഇതേ സംഭവത്തില്‍ ബിഷപ്പ് കേസ് കൊടുത്തു.
വ്യാജപരാതികള്‍ കണ്ട് ഞാനും കുടുംബവും പേടിച്ചു. ഡല്‍ഹി മേഖല ആര്‍ച്ച് ബിഷപ്പിന്റെ കുറവിലങ്ങാട് സന്ദര്‍ശനവേളയില്‍ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് വ്യാജപരാതികളുടെ പത്രവാര്‍ത്തകളുള്‍പ്പെടെ വത്തിക്കാനിലെ മാര്‍പ്പാപ്പയുടെ പ്രതിനിധിക്ക് മെയിലയച്ചത്.
ഞങ്ങള്‍ക്കെതിരായ നിയമനടപടികള്‍ നിര്‍ത്തിവെക്കാന്‍ ബിഷപ്പിനോട് സഭ ആവശ്യപ്പെടും എന്നാണ് കരുതിയത്. എന്നാല്‍ നീതിക്കും സത്യത്തിനും വേണ്ടിയുള്ള എന്റെ പോരാട്ടത്തിനുനേരെ സഭാനേതൃത്വവും കണ്ണടച്ചു. തുടര്‍ന്നാണ് ബിഷപ്പിനെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് ആ അന്വേഷണത്തെയും ബിഷപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.
ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ സമീപിച്ചു. 10 ഏക്കര്‍ സ്ഥലമായിരുന്നു വാഗ്ദാനം. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ട് എന്നറിഞ്ഞിട്ടും ശരിയായ രീതിയില്‍ അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായില്ല. മെഡിക്കല്‍ റിപ്പോട്ടും സെക്ഷന്‍ 164 പ്രകാരം സമര്‍പ്പിച്ച പരാതിയും ബിഷപ്പിനെതിരായ കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ പര്യാപ്തമായ തെളിവുകളാണ്.
72 ദിവസത്തെ അന്വേഷണത്തിനൊടുവിലും സംസ്ഥാന സര്‍ക്കാരും പൊലീസും നല്‍കുന്ന സംരക്ഷണത്തില്‍ ബിഷപ്പ് സ്വതന്ത്രനായി കഴിയുകയാണ്. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ നിഷ്‌ക്രിയത്വവും മൗനവും ബിഷപ്പിനെ സഹായിക്കുകയാണ്. പരാതി കൊടുത്തതുമുതല്‍ സഭയുടെയും സമൂഹത്തിന്റെയും മുഖ്യധാരയില്‍ നിന്ന് ഞങ്ങള്‍ ഒഴിവാക്കപ്പെട്ടു. എല്ലായിടത്തുനിന്നും അവഗണന നേരിട്ടു. ബിഷപ്പുമാരെക്കുറിച്ചും പുരോഹിതന്മാരെക്കുറിച്ചും മാത്രമാണ് കത്തോലിക്ക സഭയ്ക്ക് ആശങ്കയുള്ളൂ എന്ന തരത്തിലാണ് കാര്യങ്ങള്‍.
സ്ത്രീകള്‍ക്കും കന്യാസ്ത്രീകള്‍ക്കും നീതി ഉറപ്പാക്കുന്ന ഏതെങ്കിലും കാനോനിക നിയമം ഉണ്ടോ? ഉണ്ടെങ്കില്‍ എന്തിനാണ് ഞങ്ങളോട് ഈ വിവേചനം? ബിഷപ്പിനെ സംരക്ഷിക്കാനും സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും തീരുമാനിച്ച നേതൃത്വത്തോട് ഒരു ചോദ്യം; എനിക്ക് നഷ്ടപ്പെട്ടത് തിരിച്ചുതരാന്‍ നിങ്ങള്‍ക്കാകുമോ? പതിമൂന്നാം തവണ പരാതിപ്പെട്ടതില്‍ എന്റെ വിശ്വാസ്യത സംശയിക്കപ്പെടുന്നു. എനിക്ക് പേടിയായിരുന്നു, പുറത്തറിഞ്ഞാല്‍ എന്താകുമെന്നോര്‍ന്ന് നാണക്കേടുണ്ടായിരുന്നു.
ഇപ്പോഴും ഇത്തരം പീഡനങ്ങള്‍ സഹിച്ച് മിണ്ടാതിരിക്കുന്ന കന്യാസ്ത്രീകള്‍ ഉണ്ട്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ സഭ കണ്ണടച്ചാല്‍, സമൂഹത്തിന് മുന്നില്‍ സഭയുടെ വിശ്വാസ്യത തകരും.

RELATED STORIES

Share it
Top