23 സിക്‌സറടക്കം 257 റണ്‍സ്; ചരിത്രമെഴുതി ഡി ആര്‍ക്കി ഷോര്‍ട്ട്


കാന്‍ബെറ: ആസ്‌ത്രേലിയയില്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ആസ്‌ത്രേലിയന്‍ ദേശീയ താരം ഡി ആര്‍ക്കി ഷോര്‍ട്ട്. ജെഎല്‍ടി കപ്പ് മല്‍സരത്തില്‍ വേസ്റ്റേണ്‍ ആസ്‌ത്രേലിയക്ക് വേണ്ടി ക്വീന്‍സ്ലന്‍ഡിനെതിരേ ഇറങ്ങിയ താരം 148 പന്തില്‍ 257 റണ്‍സ് പടുത്തുയര്‍ത്തിയാണ് ആരാധകരുടെ മനം കവര്‍ന്നത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ താരത്തിന്റെ പേരിലായി. 28കാരന്റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തില്‍ 47 ഓവറില്‍ 387 റണ്‍സാണ് വെസ്‌റ്റേണ്‍ ആസ്‌ത്രേലിയ ക്വീന്‍സ്ലന്‍ഡിനെതിരെ അടിച്ച് കൂട്ടിയത്.
മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്‌റ്റേണ്‍ ആസ്‌ത്രേലിയയ്ക്ക് വേണ്ടി മൂന്നാമനായിറങ്ങിയ ഷോര്‍ട്ട് തുടക്കത്തില്‍ തന്നെ കത്തിക്കയറുകയായിരുന്നു. വിക്കറ്റ് വീഴും വരെ ഗ്രൗണ്ടില്‍ താരത്തിന്റെ സംഹാര താണ്ഡവം മാത്രമായിരുന്നു നിറഞ്ഞായിടത്. ഇതില്‍ 15 ഫോറുകളും 23 സിക്‌സറുകളും പിറന്നു. ബൗണ്ടറികളില്‍ നിന്ന് മാത്രം 198 റണ്‍സാണ് ഷോര്‍ട്ട് അടിച്ചെടുത്തത്. ആദ്യത്തെ 100 റണ്‍സ് കണ്ടെത്താന്‍ താരം 83 പന്താണ് എടുത്തതെങ്കില്‍ രണ്ടാമത്തെ 100 കണ്ടെത്താന്‍ വെറും 45 പന്താണ് നേരിടേണ്ടി വന്നത്.
46ാം ഓവറില്‍ മാത്യു കുനിമാന്‍ ഷോര്‍ട്ടിനെ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയില്ലാ എങ്കില്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ തന്നെ റെക്കോഡ് റണ്‍സുമായി താരത്തിന് മടങ്ങാമായിരുന്നു. 2002ല്‍ സറേയ്ക്ക് വേണ്ടി 268 റണ്‍സ് ഉയര്‍ത്തിയ ഇംഗ്ലണ്ട് താരം അലി ബ്രൗണിന്റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 264 റണ്‍സെടുത്ത ഇന്ത്യന്‍ താരം രോഹിത് ശര്‍മയ്ക്കാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം. 2014ല്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് നിലവിലെ ഏഷ്യാകപ്പിലെ ഇന്ത്യന്‍ നായകന്‍ 264 റണ്‍സടിച്ചത്.

RELATED STORIES

Share it
Top