ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പോലിസ് നോട്ടിസ് അയച്ചു; 19ന് ഹാജരാകണംകൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് പോലിസ് നോട്ടിസ് അയച്ചു. ഈമാസം 19ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്. ചോദ്യം ചെയ്യലിനുശേഷം മാത്രമേ അറസ്റ്റു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്ന് ഐജി വിജയ് സാക്കറെ പറഞ്ഞു. ചില കാര്യങ്ങളിലെ വൈരുധ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അവ പരിഹരിക്കാതെയുള്ള അറസ്റ്റ് കുറ്റാരോപിതനു സഹായകമാകുമെന്നും ഐജി വ്യക്തമാക്കി. ഇ-മെയില്‍ വഴിയും ജലന്തര്‍ പൊലീസ് മുഖേനയുമാണ് നോട്ടിസ് അയച്ചത്. സിആര്‍പിസി 41എ വകുപ്പുപ്രകാരമാണു ബിഷപ്പിനു നോട്ടിസ് നല്‍കിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
ബിഷപ്പിന്റെ മൊഴികളില്‍ ഏറെ വൈരുധ്യങ്ങളുണ്ടെന്ന്. ഇത് അന്വേഷണ സംഘം കണ്ടെത്തി കഴിഞ്ഞു. കന്യാസ്ത്രീയെ പരിചയമില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാല്‍ ഇരുവരും ഒപ്പമുള്ള ചിത്രം കണ്ടെത്തിയതോടെ ഇതു തെറ്റാണെന്നു തെളിഞ്ഞിരുന്നു. കന്യാസ്ത്രീകളുടെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്. ഇതുവരെയുള്ള അന്വേഷണം യോഗം വിശകലനം ചെയ്തു. ഐജി വിജയ് സാക്കറെ, ജില്ലാ പൊലിസ് മേധാവി ഹരിശങ്കര്‍, കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവര്‍ യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്.
2014-16 കാലഘട്ടത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കന്യാസ്ത്രീ, ബിഷപ്പ്, കര്‍ദിനാള്‍ ഉള്‍പ്പെടെ ഒരു ഡസനിലേറെ പേരുടെ മൊഴിയെടുത്തെങ്കിലും ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് ഏറെ ചര്‍ച്ചയായി.
അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അഞ്ചാംദിവസത്തിലേക്കു കടന്നു. ഹൈക്കോടതി ജംക്ഷനില്‍ നടക്കുന്ന റിലേ നിരാഹാരസമരത്തോടനുബന്ധിച്ച് ഇന്നു സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചിരുന്നു.

RELATED STORIES

Share it
Top