സൂപ്പര്‍ താരങ്ങളില്ലാത്ത അര്‍ജന്റീനയ്ക്ക് സൂപ്പര്‍ ജയംലോസ് ആഞ്ചല്‍സ്: സൂപ്പര്‍ താരങ്ങളെ മാറ്റി നിര്‍ത്തി സൗഹൃദ മല്‍സരത്തിനിറങ്ങിയ അര്‍ജന്റീനയ്ക്ക് ഗ്വാട്ടിമാലയ്‌ക്കെതിരേ തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ലാറ്റിനമേരിക്കന്‍ ശക്തികളുടെ ജയം. മല്‍സരത്തിലെ ആദ്യ പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. അര്‍ജന്റീനയ്ക്ക് വേണ്ടി മാര്‍ട്ടിനസ്, ലോ സെല്‍സോ, സിമിയോണ്‍ എന്നിവര്‍ ലക്ഷ്യം കണ്ടു.
എതിരാളികള്‍ ദുര്‍ബലര്‍ ആയതിനാല്‍ സൂപ്പര്‍ താരങ്ങളായ പൗളോ ഡിബാലയേയും മൗറോ ഇക്കാര്‍ഡിയേയും പുറത്തിരുത്തി യുവനിരയെ പരീക്ഷിക്കാന്‍ താല്‍ക്കാലിക കോച്ച് ലയണല്‍ സ്‌കലോനി തീരുമാനിക്കുകയായിരുന്നു. അര്‍ജന്റീനയ്ക്ക് വേണ്ടി ഇറങ്ങിയ രണ്ടാം നിര ടീമില്‍ സിമിയോണ്‍, മാര്‍ടിനസ്, പാവൊന്‍ ത്രയമാണ് മുന്നേറ്റം കാത്തുസൂക്ഷിച്ചത്. ഇവരെ മുന്നില്‍ നിര്‍ത്തി അര്‍ജന്റീന 4-3-3 എന്ന ശൈലിയില്‍ കളത്തിലിറങ്ങിയപ്പോള്‍ 4-4-1-1 എന്ന ശൈലിയാണ് ഗ്വാട്ടിമാല സ്വീകരിച്ചത്. പന്തടക്കത്തിലും ഗോള്‍ ശ്രമത്തിലും കളിയില്‍ മുന്‍ തൂക്കം നേടിയ അര്‍ജന്റീന മല്‍സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും എതിരാളികള്‍ക്ക് മികവ് കാട്ടാനുള്ള അവസരം നല്‍കിയില്ല. 61 ശതമാനം സമയവും പന്ത് തങ്ങളുടെ വരുതിയില്‍ നിര്‍ത്തിയാണ് മുന്‍ ലോകകപ്പ് ചാംപ്യന്‍മാര്‍ കളി മെനഞ്ഞത്.
മല്‍സരത്തിലെ 27ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി വലയിലെത്തിച്ച് ഗോണ്‍സാലോ മാര്‍ട്ടിനസ് അവരെ മുന്നിലെത്തിച്ചു. എട്ട് മിനിറ്റുകള്‍ക്ക് ശേഷം അര്‍ജന്റീനയുടെ രണ്ടാം ഗോളും പിറന്നു. ലോ സെല്‍സോയായിരുന്നു ഇത്തവണ ഗോള്‍ സ്‌കോറര്‍.ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് ജിയോവാനി സിമിയോണിയിലൂടെ അര്‍ജന്റീന തങ്ങളുടെ മൂന്നാം ഗോളും കണ്ടെത്തി.
നിരവധി അവസരങ്ങള്‍ രണ്ടാം പകുതിയിലും അര്‍ജന്റീന സൃഷ്ടിച്ചു എന്നാല്‍ ലക്ഷ്യം കാണാന്‍ ആയില്ല. എതിരാളികള്‍ക്ക് ആകെ രണ്ടു ഷോട്ടാണ് വല ലക്ഷ്യമാക്കി തൊടുക്കാനായത്. ബുധനാഴ്ച കൊളംബിയയ്‌ക്കെതിരെ ആണ് അര്‍ജന്റീനയുടെ അടുത്ത മല്‍സരം.

RELATED STORIES

Share it
Top