അര്‍ജന്റീനയെ ഗോളടിപ്പിക്കാതെ കൊളംബിയ


ന്യൂ ജഴ്‌സി (ന്യൂയോര്‍ക്ക്) : ഇന്ന് പുലര്‍ച്ചെ നടന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തില്‍ അര്‍ജന്റീനയെ കൊളംബിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു. കഴിഞ്ഞ മല്‍സരത്തില്‍ ഗോളടിച്ചു കൂട്ടിയതിന്റെ ആവേശത്തില്‍ ഇറങ്ങിയ അര്‍ജന്റീനന്‍ നിരയ്ക്ക് പക്ഷേ ഇന്ന് കൊളംബിയന്‍ പ്രതിരോധം ഭേദിച്ച് ഒരു ഗോള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. മെസ്സി ഇല്ലായെങ്കിലും ഇന്ന് മറ്റു പ്രധാന താരങ്ങള്‍ ഒക്കെ അര്‍ജന്റീനയുടെ ടീമിലേക്ക് മടങ്ങി എത്തിയിരുന്നു. ഹാമിഷ് റോഡ്രിഗസ് ഒഴികെ മറ്റ് പ്രധാന താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് കൊളംബിയ അര്‍ജന്റീനയ്‌ക്കെതിരേ ബൂട്ടണിഞ്ഞത്. മല്‍സരത്തില്‍ അര്‍ജന്റീനന്‍ നിരയേക്കാള്‍ കൊളംബിയയ്ക്കായിരുന്നു ആധിപത്യം. പന്ത് കൈവശം വച്ചതിലും ഗോളിലേക്ക് ലക്ഷ്യം വച്ചതിലുമെല്ലാം കൊളംബിയ അര്‍ജന്റീനയേക്കാള്‍ മികച്ചുനിന്നു. എന്നാല്‍ മല്‍സരത്തില്‍ ഗോള്‍ മാത്രം അകന്നുനിന്നു. 2007ന് ശേഷമുള്ള മല്‍സരങ്ങളില്‍ കൊളംബിയയ്ക്ക് അര്‍ജന്റീനയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
ഇന്റര്‍ മിലാന്‍ സ്‌ട്രൈക്കര്‍ ഇക്കാര്‍ഡിയെ മുന്നില്‍ ഇറക്കിയാണ് അര്‍ജന്റീന കളി ആരംഭിച്ചത്. രണ്ടാം പകുതിയുടെ ആരംഭത്തില്‍ യുവന്റസ് താരം ഡിബാലയും കളത്തില്‍ ഇറങ്ങി. പക്ഷെ കൊളംബിയന്‍ വല കുലുക്കാന്‍ ഈ രണ്ടു സാന്നിദ്ധ്യവും മതിയായിരുന്നില്ല.
മറുവശത്ത് ഫാല്‍കാവോയുടെ നേതൃത്വത്തില്‍ ഇറങ്ങിയ കൊളംബിയയും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. രണ്ടാം പകുതിയില്‍ കൂടുതല്‍ അവസരങ്ങള്‍ കൊളംബിയക്കായിരുന്നു ലഭിച്ചത്. ഇരു ടീമുകളും താല്‍ക്കാലിക പരിശീലകര്‍ക്ക് കീഴിലാണ് കളിച്ചത് എന്ന പ്രത്യേകതയും ഇന്നത്തെ മല്‍സരത്തിന് ഉണ്ടായിരുന്നു.നേരത്തെ അര്‍ജന്റീന മൂന്നു ഗോളിന് ഗ്വാട്ടിമാലയെ പരാജയപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top