ഊഹാപോഹത്തിനിടെ തല്ലിക്കൊല്ലപ്പെട്ടവരില്‍ ഊഹാപോഹ വിരുദ്ധ പ്രചാരകനും


ഗുവാഹത്തി: ഊഹാപോഹത്തിലൂടെ ജനങ്ങളെ ഇളക്കിവിടുന്നതിനെതിരേ പ്രചരണം നടത്താന്‍ ത്രിപുര ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍ ഡിപാര്‍ട്ട്‌മെന്റ് നിയോഗിച്ച സുകന്ത ചക്രബര്‍ത്തിയെ ജനക്കൂട്ടം തല്ലിക്കൊന്നു. ജൂണ്‍ 28നാണ് സംഭവം.

അവയവ വ്യാപാരത്തിന് കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനിടെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മൂന്നുപേരില്‍ ഒരാളാണ് ചക്രബര്‍ത്തി. ഒരു കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

പൊതുസ്ഥലങ്ങളില്‍ ലൗഡ്‌സ്പീക്കറിലൂടെ ഉഹാപോഹപ്രചരണത്തിനെതിരേ ബോധവല്‍ക്കരണം നടത്താന്‍ നിയോഗിക്കപ്പെട്ട ചക്രബര്‍ത്തി അതേ ഊഹാപോഹപ്രചരണത്തില്‍പ്പെട്ടാണ് കൊല്ലപ്പെട്ടതെന്നാണ് പോലിസ് തുടക്കത്തില്‍ കരുതിയിരുന്നത്. എന്നാല്‍, മറ്റു കാരണങ്ങളാലാവാം അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് ഇപ്പോള്‍ പോലിസ് പറയുന്നത്.

കലാചാരയില്‍ വച്ചാണ് അദ്ദേഹത്തിന്റെ വാഹനം ആക്രമിക്കപ്പെട്ടത്. മര്‍ദ്ദനത്തിനിരയായി ചക്രബര്‍ത്തി മരിക്കുകയും ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തുവെന്ന് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് സ്മൃതി രഞ്ജന്‍ ദാസ് പറഞ്ഞു.

നേരത്തേ,  പടിഞ്ഞാറന്‍ ത്രിപുരയിലെ മുരബാരിയില്‍ ബിഹാറില്‍ നിന്നും യുപിയില്‍ നിന്നുമുള്ള മൂന്ന് തെരുവ് കച്ചവടക്കാരെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്നാരോപിച്ച് ജനക്കൂട്ടം ആക്രമിച്ചത്. രക്ഷപ്പെടാനായി ഇവര്‍ ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിന്റെ കാംപിലേക്ക് ഓടിക്കയറി. എന്നാല്‍, പോലിസിന്റെ വലയം ഭേദിച്ച വലിയ ജനക്കൂട്ടം കാംപ് ആക്രമിക്കുകയും യുപിയില്‍ നിന്നുള്ള സഹീര്‍ ഖാനെ തല്ലിക്കൊല്ലുകയും ചെയ്തു.

സെപാഹിജാല ജില്ലയിലെ ബിസ്ഹാല്‍ഗഡില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ എന്നാരോപിച്ച് മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെയും ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഇതേ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാതാക്കളോട് എസ്എംഎസ് സേവനവും ഇന്റര്‍നെറ്റ് സേവനവും ശനിയാഴ്ച്ച ഉച്ചവരെ വിഛേദിക്കാന്‍ ത്രിപുര ഡിജിപി ആവശ്യപ്പെട്ടു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായുള്ള ഊഹാപോഹങ്ങളില്‍ ജനങ്ങള്‍ പ്രകോപിതരാവരുതെന്ന് മുഖ്യമന്ത്രി ബിപ്ലബ് ദേബ് ആഹ്വാനം ചെയ്തു. ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാന്‍ സിപിഎം നടത്തുന്ന ഗൂഡാലോചനയാണ് ഇത്തരം പ്രചരണങ്ങള്‍ക്കു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

RELATED STORIES

Share it
Top