ബുറേവി ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 19 ആയി

Update: 2020-12-05 11:17 GMT

ചെന്നൈ: ബുറേവി ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 19 ആയി. തുടര്‍ച്ചയായ രണ്ടാം ദിവസം ഉണ്ടായ കനത്ത മഴയില്‍ ഏഴ് പേര്‍ മരിച്ചു. കടലൂര്‍ അടക്കം തെക്കന്‍ ജില്ലകളില്‍ വ്യാപകകൃഷിനാശമാണ് ഉണ്ടായിരുക്കുന്നത്. നിരവധി വീടുകള്‍ തകര്‍ന്നു. കേരളത്തിലും ജാഗ്ര തുടരണമെന്ന് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുള്ളതാനാല്‍ ഇന്നും മത്സ്യബന്ധനത്തിന് വിലക്കേര്‍പെടുത്തി.

ബുറേവി ചുഴലിക്കാറ്റ് തീവ്ര ന്യൂനമര്‍ദ്ദമായതോടെ നിലവില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കടലൂര്‍ , പുതുച്ചേരി തീരങ്ങളിലും മഴ ശക്തമായി. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനില്‍ നിന്നും 70 കിമീ ദൂരത്തിലുമാണ് ബുറേവിയുള്ളത്. നിലവില്‍ ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെയുമാണ്. ന്യൂനമര്‍ദം വരുന്ന 12 മണിക്കൂര്‍ ഇപ്പോളുള്ളിടത്തു തന്നെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

കടലൂരില്‍ വീട് തകര്‍ന്ന് ദേഹത്ത് വീണ് 35 വയസുള്ള സ്ത്രീയും 10 വയസ്സുള്ള മകളും മരിച്ചു. ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കോട്ടെയില്‍ ശക്തമായ കാറ്റില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. കാഞ്ചീപുരത്ത് നദിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചു. വെള്ളക്കെട്ടില്‍ നിന്ന് വൈദ്യതാഘാതമേറ്റ് ചെന്നൈയില്‍ ഒരു യുവാവും തഞ്ചാവൂരില്‍ 40 വയസ്സുള്ള സ്ത്രീയും മരിച്ചു.കന്യാകുമാരി, തെങ്കാശി, കടലൂര്‍, സേലം എന്നിവിടങ്ങളിലും പുതുച്ചേരിയിലും ഇന്നും നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. നീരൊഴുക്കു കൂടിയതോടെ ചെന്നൈ ചെമ്പരപ്പാക്കം അണക്കെട്ടില്‍നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ വെള്ളക്കെട്ട് കൂടുതല്‍ രൂക്ഷമാകും.

തമിഴ്‌നാട്ടില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പടി കെ പളനിസ്വാമി അറിയിച്ചു. ദുരിതബാധിത ജില്ലകളിലെ പുനരധിവാസത്തിന് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രിമാരെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കടലൂര്‍ ജില്ലയില്‍ മാത്രം 66,000 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. 5,000 പേരെ രാമനാഥപുരത്തിന് ഒഴിപ്പിച്ചു.