പുതു ചരിത്രമെഴുതി ഇന്ത്യാ-പാക് പോര്; ലോകകപ്പ് പോരാട്ടം കണ്ടത് 16.3 കോടി ആളുകള്‍

Update: 2026-02-20 16:10 GMT

ഹൈദരാബാദ്: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഡിജിറ്റല്‍, ബ്രോഡ്കാസ്റ്റ് രംഗത്ത് പുത്തന്‍ ചരിത്രമെഴുതി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ മാത്രം 163 ദശലക്ഷം (16.3 കോടി) ആളുകളാണ് മല്‍സരം തല്‍സമയം കണ്ടത്. ഏതൊരു ഐസിസി ട്വന്റി-20 ടൂര്‍ണമെന്റിലും ഒരു മല്‍സരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഡിജിറ്റല്‍ റീച്ചാണിത്. 2024-ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിന് ലഭിച്ച കാഴ്ചക്കാരുടെ എണ്ണത്തെ പോലും ഈ മല്‍സരം മറികടന്നു. 2024-ലെ ഇന്ത്യ-പാക് മല്‍സരത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ 56 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

മൊബൈല്‍ കാഴ്ചക്കാരുടെ എണ്ണത്തിലും ഇത്തവണ വന്‍ കുതിപ്പുണ്ടായി. ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മല്‍സരം മൊബൈലിലൂടെ കാണുന്നവരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് പിറന്നു. 2024-ലെ ഇന്ത്യ-പാക് പോരാട്ടത്തേക്കാള്‍ 1.2 മടങ്ങ് അധികം ആളുകളാണ് ഇത്തവണ മൊബൈലിലൂടെ കളി കണ്ടത്. കണക്റ്റഡ് ടിവികളിലൂടെയുള്ള കാഴ്ചക്കാരുടെ എണ്ണം 2.4 മടങ്ങ് വര്‍ധിച്ചു. എല്ലാ സ്‌ക്രീനുകളിലുമായി മൊത്തം 20 ബില്യണ്‍ മിനിറ്റാണ് ആരാധകര്‍ ഈ മല്‍സരം കണ്ടത്. ഇത് കഴിഞ്ഞ പതിപ്പിനേക്കാള്‍ 42 ശതമാനം കൂടുതലാണ്. ലീനിയര്‍ ടിവിയില്‍ 71 ശതമാനം ടിവിആര്‍ വളര്‍ച്ചയോടെ 2021-ന് ശേഷമുള്ള ഏറ്റവും മികച്ച റേറ്റിംഗും ഈ മത്സരം സ്വന്തമാക്കി.

ഇന്ത്യന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഈ റെക്കോര്‍ഡ് മുന്നേറ്റത്തിന് പിന്നിലെന്ന് ജിയോസ്റ്റാര്‍ സ്‌പോര്‍ട്‌സ് സെയില്‍സ് ഹെഡ് അനൂപ് ഗോവിന്ദന്‍ പറഞ്ഞു. അതേസമയം ട്വന്റി-20 ലോകകപ്പുകളില്‍ പാകിസ്താനെതിരെയുള്ള ജയങ്ങളുടെ റെക്കോര്‍ഡ് 8-1 ആയി ഉയര്‍ത്താന്‍ ഇന്ത്യക്കായി.