കെഎസ്ആര്‍ടിസിക്ക് 2021 വരെ റോഡ് ടാക്‌സ് ഇല്ല; സഹായവുമായി സര്‍ക്കാര്‍

നികുതി ഒഴിവാക്കണമെന്ന് കെഎസ്ആര്‍ടിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ നടപടി. 2021 മാര്‍ച്ച് വരെയുളള നികുതിയാണ് ഒഴിവാക്കിയത്.

Update: 2019-07-06 07:32 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക്  2021 വരെയുളള റോഡ് ടാക്‌സ് ഒഴിവാക്കി സര്‍ക്കാര്‍ സഹായം. നികുതി ഒഴിവാക്കണമെന്ന് കെഎസ്ആര്‍ടിസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ നടപടി. 2021 മാര്‍ച്ച് വരെയുളള നികുതിയാണ് ഒഴിവാക്കിയത്.

അതിനിടെ, കെഎസ്ആര്‍ടിസിയില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനുശേഷം ദിവസവേതനാടിസ്ഥാനത്തില്‍ 1700 പേരെ തിരികെ നിയമിച്ചു. ദക്ഷിണ മേഖലയിലാണ് കൂടുതല്‍ പേരെ നിയമിച്ചത് -1049. സെന്‍ട്രല്‍ സോണില്‍ 409 പേരെയും നോര്‍ത്ത് സോണില്‍ 242 പേരെയുമാണ് നിയമിച്ചത്.

വര്‍ഷങ്ങളായി അന്തര്‍സംസ്ഥാന ബസുകള്‍ക്ക് മാത്രമേ കെഎസ്ആര്‍ടിസി നികുതി അടയ്ക്കാറുള്ളു. ടോമിന്‍ തച്ചങ്കരി എംഡിയായി വന്നതോടെ അതും നിര്‍ത്തി. ഏതെങ്കിലും ബസുകള്‍ ഇതരസംസ്ഥാനത്ത് അപകടത്തില്‍പെട്ടാല്‍ അതിന് മാത്രം നികുതി അടച്ച് രക്ഷപെടും. ഇതിനിടെയാണ് 2008 മുതലുള്ള നികുതി കുടിശികയായ 1797 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് കത്ത് നല്‍കിയത്.

ഏഴുദിവസത്തിനുള്ളില്‍ കുടിശിക അടയ്ക്കാത്തപക്ഷം റവന്യു റിക്കവറി നടപടിക്ക് അനുമതി നല്‍കണമെന്ന് സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതിലടക്കം ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത ഓരോവര്‍ഷവും ഉണ്ടാകുന്നുണ്ടെന്നും ആയതിനാല്‍ നികുതി ഒഴിവാക്കണമെന്നും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിരുന്നു.

Tags: