കൊല്ലം മെഡിക്കല്‍ കോളജിലെ ലാബിന് ഐസിഎംആര്‍ അംഗീകാരം
തുടക്കത്തില്‍ കൊല്ലം മെഡിക്കല്‍ കോളജിലെ കേസുകളും, പരിശോധനകള്‍ വര്‍ധിക്കുന്ന മുറയ്ക്ക് കൊല്ലം ജില്ലയിലെ മറ്റിടങ്ങളിലുമുള്ള സാംപിളുകളും പരിശോധിക്കാന്‍ സാധിക്കുന്നതാണ്. രണ്ടാഴ്ചകൊണ്ട് പരിശോധന 200 ഓളം ആക്കാനാണ് ശ്രമിക്കുന്നത്.
തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജിലെ ലാബിന് കൊവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള ഐസിഎംആര്‍ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ബുധനാഴ്ച മുതല്‍ സാംപിളുകള്‍ പരിശോധിച്ച് തുടങ്ങും. തുടക്കത്തില്‍ കൊല്ലം മെഡിക്കല്‍ കോളജിലെ കേസുകളും, പരിശോധനകള്‍ വര്‍ധിക്കുന്ന മുറയ്ക്ക് കൊല്ലം ജില്ലയിലെ മറ്റിടങ്ങളിലുമുള്ള സാംപിളുകളും പരിശോധിക്കാന്‍ സാധിക്കുന്നതാണ്. രണ്ടാഴ്ചകൊണ്ട് പരിശോധന 200 ഓളം ആക്കാനാണ് ശ്രമിക്കുന്നത്.
കൊല്ലം ജില്ലയില്‍ കൊവിഡ് പരിശോധനാ ലാബിന് അനുമതി ലഭിക്കുന്നത് വളരെ ആശ്വാസകരമാണ്. ഇതോടെ വളരെ വേഗത്തില്‍ ഫലങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആധുനിക കൊവിഡ് ലാബിന്റെ ഉദ്ഘാടനവും നവീകരിച്ച ഐസിയുവിന്റെ ഉദ്ഘാടനവും ഓണ്‍ലൈന്‍ ഫ്ളാറ്റ്ഫോം വഴി ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് മന്ത്രി നിര്‍വഹിക്കും. 18 കിടക്കകളാണ് ഐസിയുവില്‍ സജ്ജമാക്കിയിരിക്കുന്നത്. ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജയലാല്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ഇതോടെ 16 സര്‍ക്കാര്‍ ലാബുകളിലും 8 സ്വകാര്യലാബുകളിലുമുള്‍പ്പെടെ 24 സ്ഥലങ്ങളിലാണ് കൊവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്.
ആലപ്പുഴ എന്‍ഐവി, കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍ഗോഡ് സെന്റര്‍ യൂനിവേഴ്സിറ്റി, മഞ്ചേരി മെഡിക്കല്‍ കോളജ്, എറണാകുളം മെഡിക്കല്‍ കോളജ്, കണ്ണൂര്‍ മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, പാലക്കാട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലാബുകളിലാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്.
