മോഷണക്കേസ്: യുവാവിന്റെ രഹസ്യഭാഗങ്ങളില്‍ പോലിസ് കുരുമുളക് സ്‌പ്രേ ചെയ്‌തതായി പരാതി
പന്തളം കുരമ്പാല സ്വദേശി ആര്‍ രാജേഷ് പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു നല്‍കിയ മൊഴിയെ തുടര്‍ന്ന് പോലിസിനെതിരെ കോടതി കേസെടുത്തു. കുറ്റം ചെയ്തിട്ടില്ലെന്നു പറഞ്ഞിട്ടും എസ്‌ഐ ഉള്‍പ്പെടെ ചവിട്ടുകയും ഇടിക്കുകയും ചെയ്‌തെന്നു മൊഴിയില്‍ പറയുന്നു.
കൊല്ലം: കാമറ മോഷണം പോയെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ പോലിസ് ക്രൂരമായി പീഡിപ്പിച്ചെന്നു പരാതി. ഗുഹ്യഭാഗങ്ങളില്‍ കുരുമുളക് സ്‌പ്രേ തേയ്ക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തെന്നാണു പരാതി. പന്തളം കുരമ്പാല സ്വദേശി ആര്‍ രാജേഷ് (31) പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു നല്‍കിയ മൊഴിയെ തുടര്‍ന്ന് പോലിസിനെതിരെ കോടതി കേസെടുത്തു.
കുറ്റം ചെയ്തിട്ടില്ലെന്നു പറഞ്ഞിട്ടും എസ്‌ഐ ഉള്‍പ്പെടെ ചവിട്ടുകയും ഇടിക്കുകയും ചെയ്‌തെന്നു മൊഴിയില്‍ പറയുന്നു. തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന യുവാവിനു പിന്നീടു ജാമ്യം ലഭിച്ചു. പുനലൂരിലെ കല്യാണവീട്ടില്‍ സൗണ്ട് സിസ്റ്റം ഓപ്പറേറ്ററായി വന്ന രാജേഷ്, ചടങ്ങു കഴിഞ്ഞു സൗണ്ട് സിസ്റ്റം കൊണ്ടുപോയതിനൊപ്പം 2 ലക്ഷം രൂപ വിലയുള്ള കാമറയും കടത്തിക്കൊണ്ടുപോയെന്നാണു കേസ്.
പോലിസിനെതിരെ നടപടി ആവശ്യപ്പെട്ടു രാജേഷിന്റെ ഭാര്യ സിനി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ 25നു രാത്രി രാജേഷിനെ കസ്റ്റഡിയിലെടുത്തെങ്കിലും 27 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 28നു കോടതിയില്‍ ഹാജരാക്കിയപ്പോഴാണു മജിസ്‌ട്രേട്ടിനു മുന്നില്‍ യുവാവ് മൊഴി നല്‍കിയത്.