മൃഗരോഗ നിയന്ത്രണ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം 15ന്
കന്നുകാലികളുടെ കുളമ്പുരോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൃഗ രോഗനിയന്ത്രണ പദ്ധതി പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്ര സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്.
പത്തനംതിട്ട: മൃഗരോഗ നിയന്ത്രണ പദ്ധതിയുടെ ഇരുപത്തിയാറാംഘട്ട പ്രതിരോധ കുത്തിവയ്പ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം 15ന് വൈകീട്ട് മൂന്നിന് ഏഴംകുളം മര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ മന്ത്രി കെ രാജു നിര്‍വ്വഹിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
കന്നുകാലികളുടെ കുളമ്പുരോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൃഗ രോഗനിയന്ത്രണ പദ്ധതി പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്ര സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. പത്തനംതിട ജില്ലയില്‍ ഈ മാസം 17 മുതല്‍ 21 പ്രവൃത്തി ദിവസങ്ങളിലായി പ്രതിരോധ കുത്തിവയ്പ്പ് നടത്തും. മൃഗസംരക്ഷണ ജീവനക്കാര്‍ ജില്ലയിലെ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ക്യാമ്പുകള്‍ നടത്തിയും ക്ഷീര കര്‍ഷകരുടെ ഭവനങ്ങളില്‍ നേരിട്ടെത്തിയുമാണ് പ്രതിരോധ കുത്തിവയ്പ്പ് നടത്തുക.
കൂടാതെ എല്ലാ ഉരുക്കളേയും തിരിച്ചറിയുന്നതിനായി ഇയര്‍ ടാഗും ചെയ്യും. പുതിയ ഉരുക്കളെ രജിസ്റ്റര്‍ ചെയ്യാനുള്ള പദ്ധതിയും ഇതോടൊപ്പമൊരുക്കും. ജില്ലയിലെ 64334 കന്നുകാലികള്‍, 2846 എരുമകള്‍, 756 പന്നികള്‍ എന്നിവയ്ക്ക് കുളമ്പുരോഗത്തിനെതിരായ കുത്തി വയ്പ്പ് നല്‍കും.