സത്യസന്ധനായ കമ്മ്യൂണിസ്റ്റ് നേതാവിനെ സിപിഎം അപമാനിച്ച് പുറത്താക്കി; സുധാകരന്‍ വിഷയത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല

Update: 2026-03-12 10:10 GMT

തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെക്കാലം പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച, തികഞ്ഞ സത്യസന്ധനായ കമ്മ്യൂണിസ്റ്റ് നേതാവ് ജി. സുധാകരനെ സിപിഎം അപമാനിച്ച് പുറത്താക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യങ്ങള്‍ എക്കാലത്തും ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ് ജി സുധാകരനെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം.വിദ്യാര്‍ഥി കാലഘട്ടം മുതല്‍ സുധാകരനെ നേരിട്ടറിയാം. അന്ന് പല പ്രസംഗ മത്സരങ്ങളിലും പരിപാടികളിലും ഞങ്ങള്‍ ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് വ്യക്തിപരമായി നല്ല അഭിപ്രായമാണ്. അഴിമതിയില്ലാത്ത ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റിനെയാണ് സിപിഎം വേട്ടയാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

65 വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി എല്ലാം ത്യജിച്ച ഒരു നേതാവിനുണ്ടായ മനോവേദന കേരളം ചര്‍ച്ച ചെയ്യേണ്ടതാണ്. അഞ്ചു തവണ എംഎല്‍എയായപ്പോഴും ഒന്നാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയായപ്പോഴും കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തോളമായി പാര്‍ട്ടി സഖാക്കള്‍ തന്നെ അദ്ദേഹത്തെ നിരന്തരം വേട്ടയാടുകയും പിതാവിനെ ഉള്‍പ്പെടെ മോശമായി ചിത്രീകരിക്കുകയും ചെയ്തു. അദ്ദേഹത്തെപ്പോലൊരു പൊതുപ്രവര്‍ത്തകന്‍ നിയമസഭയില്‍ വരുന്നത് നല്ല കാര്യമാണെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും സിപിഎമ്മിന് സുധാകരന്റെ നീക്കം വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: