17 കൊല്ലം മുമ്പ് കാണാതായ 17ാം നൂറ്റാണ്ടിലെ തമിഴ് ബൈബിള്‍ പരിഭാഷ ലണ്ടനില്‍ കണ്ടെത്തി
ചെന്നൈ: പതിനേഴ് കൊല്ലം മുമ്പ് തമിഴ്‌നാട്ടില്‍നിന്ന് കാണാതായ 17ാം നൂറ്റാണ്ടിലെ തമിഴ് ബൈബിള്‍ പരിഭാഷ ലണ്ടന്‍ മ്യൂസിയത്തില്‍ കണ്ടെത്തി. ആദ്യ തമിഴ് ബൈബിള്‍ പരിഭാഷയിലെ കണ്ടെടുത്ത ഏക പ്രതിയാണ് ഇത്. 17ാം നൂറ്റാണ്ടില്‍ തരങ്കമ്പാടിയിലാണ് ബൈബിള്‍ അച്ചടിച്ചത്.
17 വര്‍ഷം മുമ്പ് ഒരു പറ്റം വിദേശസഞ്ചാരികളാണ് ഇത് മോഷ്ടിച്ചതെന്ന് വിഗ്രഹമോഷണക്കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേകവിഭാഗം പറഞ്ഞു.
തഞ്ചാവൂരിലെ രാജ സെര്‍ഫോജിയുടെ ഒപ്പോടുകൂടിയ പരിഭാഷയാണ് ഇപ്പോള്‍ ലണ്ടന്‍ മ്യൂസിയത്തിലുള്ളത്. അതുതന്നെയാണ് തമിഴ്‌നാട്ടില്‍നിന്ന് കാണാതായതും.
തഞ്ചാവൂരിലെ സരസ്വതി മഹല്‍ ലൈബ്രറിയിലുണ്ടായിരുന്ന ബൈബിള്‍ തിരിച്ചെത്തിക്കാന്‍ ശ്രമം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തഞ്ചാവൂരിലെ സരസ്വതി മഹല്‍ ലൈബ്രറി
2005ലാണ് ബൈബിള്‍ മോഷണം പോയത്.
2005 ഒക്ടോബര്‍ 10ന് ഇതുമായി ബന്ധപ്പെട്ട് പോലിസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരുപാട് അന്വേഷിച്ചെങ്കിലും ബൈബിള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.
2017ല്‍ ഇ രാജേന്ദ്രന്‍ ഇതുസംബന്ധിച്ച് വീണ്ടും പരാതി നല്‍കി. അപ്പോഴും ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല.
2005 ഒക്ടോബര്‍ 7ന് ബൈബിള്‍ കാണാതായ ദിവസം അത് സൂക്ഷിച്ചിരുന്ന സരസ്വതി മഹല്‍ ലൈബ്രറിയില്‍ ചില വിദേശികള്‍ എത്തിയിരുന്നെന്ന് പരിശോധനയില്‍ വ്യക്തമായി. ഡാനിഷ് മിഷിനറിയായിരുന്ന ബര്‍ത്തലോമിയസ് സീഗന്‍ബാല്‍ഗിന്റെ സ്മരണയുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍.
ഈ സംശയത്തില്‍ അന്വേഷണസംഘം വിവിധ മ്യൂസിയങ്ങളില്‍ ഇന്റര്‍നെറ്റ് വഴി പരിശോധിച്ചു. ജോര്‍ജ് മൂന്നാമന്റെ ഒരു ഗ്രന്ഥശേഖരം അന്വേഷണത്തില്‍ കണ്ടെത്തി. അതിലാണ് ഈ ബൈബിളും ഉള്‍പ്പെട്ടിരുന്നത്.
യുനെസ്‌കൊ ട്രീറ്റിയനുസരിച്ച് പുസ്തകം സരസ്വതി മഹല്‍ ലൈബ്രറിക്ക് തിരിച്ചുകിട്ടുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
