Flash News

'പരാതി നല്‍കാന്‍ വൈകിയത് അപമാനിക്കപ്പെടുമെന്ന ഭയംമൂലം'; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ മൊഴി, സഭയില്‍നിന്ന് നീതി കിട്ടിയില്ല

പരാതി നല്‍കാന്‍ വൈകിയത് അപമാനിക്കപ്പെടുമെന്ന ഭയംമൂലം; ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ മൊഴി,  സഭയില്‍നിന്ന് നീതി കിട്ടിയില്ല
X


കോട്ടയം: അപമാനിക്കപ്പെടുമെന്ന് ഭയന്നാണ് ലൈംഗിക പീഡനത്തെക്കുറിച്ച് പരാതി നല്‍കാന്‍ വൈകിയതെന്ന് ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴി. സഭയില്‍നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അത് കിട്ടാതെ വന്നതോടെയാണ് പരാതിയുമായി പൊലിസിനെ സമീപിച്ചതെന്നും കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും പാലാ ബിഷപ്പിനും അടക്കം കന്യാസ്ത്രീ ആദ്യം കൊടുത്ത പരാതിയില്‍ ലൈംഗിക പീഡനം സംബന്ധിച്ച വിവരം ഉണ്ടായിരുന്നില്ല. ഇതാണ് അന്വേഷണ സംഘം പ്രധാനമായും കന്യാസ്ത്രീയോട് ചോദിച്ചത്. താന്‍ അപമാനിക്കപ്പെടുമെന്ന് ഭയന്നാണ് പരാതിയില്‍ ആദ്യം ഇക്കാര്യം പറയാതിരുന്നതെന്നാണ് കന്യാസ്ത്രീ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. തന്റെ പരാതിയില്‍ സഭ അന്വേഷണ കമ്മിഷനെ നിയോഗിക്കുമെന്നും അവര്‍ക്കു മുന്നില്‍ എല്ലാ കാര്യങ്ങളും തുറന്നുപറയാമെന്നുമാണ് കരുതിയത്. എന്നാല്‍ പരാതിയില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചതെന്നാണ് കന്യാസ്ത്രീ നല്‍കിയിരിക്കുന്ന മൊഴി.
അതേസമയം, പരാതി നല്‍കിയ കന്യാസ്ത്രീയുടെ മൊഴിയെടുക്കല്‍ അന്വേഷണ സംഘം തുടരുകയാണ്. ഇത് മൂന്നാം തവണയാണ് അന്വേഷണ സംഘം കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നത്. ഇന്നലെ 5 മണിക്കൂറോളമാണ് മൊഴിയെടുത്തത്. അതേസമയം ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പിനെ ഒരു തവണ മാത്രമാണ് അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനായത്. അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലിസ് അറിയിച്ചെങ്കിലും യാതൊരു നടപടിയും എടുത്തില്ല. പലപ്പോഴും ചോദ്യം ചെയ്യാന്‍ പോലും സാധിക്കാതെ കേരള പോലിസ് മടങ്ങി വരേണ്ട അവസ്ഥയുമുണ്ടായി. തിങ്കളാഴ്ച ഐജി, കോട്ടയം എസ്പി, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ അവലോകന യോഗം ചേരുന്നുണ്ട്. ജലന്ധറിലുളള ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തുന്നത് സംബന്ധിച്ച തീരുമാനം അന്നുണ്ടായേക്കും.
2014 മേയില്‍ ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ രൂപതക്ക് കീഴിലെ കുറവിലങ്ങാട്ടെ മഠം ഗസ്റ്റ് ഹൗസില്‍വച്ച് പീഡിപ്പിച്ചുവെന്നും പിന്നീട് 13 തവണ ഇത് തുടര്‍ന്നുവെന്നുമാണ് കന്യാസ്ത്രീയുടെ പരാതി. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മാനസികമായും പിഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
Next Story

RELATED STORIES

Share it